ബാലസഭാംഗങ്ങള്‍ക്കായുള്ള 'സജ്ജം' ബില്‍ഡിങ് റെസിലിയന്‍സ് പരിപാടി- മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള പരിശീലനം സംഘടിപ്പിച്ചു

Posted on Monday, July 3, 2023
   കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള് ഇവയെല്ലാം ചേര്ന്ന് നമ്മുടെ ഭൂമിയിലുണ്ടാകുന്ന ദുരന്തങ്ങള്. ഈ ദുരന്തങ്ങള് ഏറെ ബാധിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളെയുമാണ്. പുതുതലമുറയെ ദുരന്തങ്ങളെ നേരിടാന് തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' ബില്ഡിങ് റെസിലിയന്സ് പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീ ബാലസഭാ അംഗങ്ങളായ 13 വയസ്സ് മുതല് 17 വയസ്സ് വരെ പ്രായമുള്ള ഒരു ലക്ഷം കുട്ടികള്ക്ക് നേരിട്ട് പരിശീലനം നല്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 
  ജൂലൈ മാസത്തില് ബാലസഭാംഗങ്ങള്ക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കമിടും. ഇതിന് മുന്നോടിയായി മാസ്റ്റര് പരിശീലകര്ക്കുള്ള ദ്വിദിന പരിശീലനം ജൂണ്‍ 30, ജൂലൈ 1 തീയതികളിലായി സംഘടിപ്പിച്ചു. പരിശീലനത്തില് 14 ജില്ലകളില് നിന്നായി 28 മാസ്റ്റര് പരിശീലകരാണ് പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ദുരന്തങ്ങളും അപകടങ്ങളും എന്നീ വിഷയങ്ങളിലാണ് പ്രധാനമായും പരിശീലനം നല്കിയത്.
 
   ദുരന്തങ്ങളെക്കുറിച്ചും ദുരന്തങ്ങളെ തിരിച്ചറിയുന്നതിനെക്കുറിച്ചും ഇത്തരം സാഹചര്യത്തില് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുമെല്ലാമുള്ള അവബോധമാണ് സജ്ജം പരിശീലനത്തിലൂടെ ബാലസഭാംഗങ്ങള്ക്ക് നല്കുന്നത്. നേരിട്ട് പരിശീലനം ലഭിച്ച ഈ കുട്ടികളിലൂടെ മറ്റ് കുട്ടികള്ക്കും മുതിര്ന്നവര്ക്കും അവബോധം നല്കും. ഈ പരിശീലനത്തിന്റെ മൊഡ്യൂള് തയ്യാറാക്കിയ ടീം സജ്ജം പദ്ധതിയുടെ സംസ്ഥാനതല ടെക്‌നിക്കല് റിസോഴ്‌സ് ടീമായും പ്രവര്ത്തിക്കും.
 
sajjam

 

Content highlight
Sajjam building resilience programme for kudumbashree balasabha members- master trainiers trainig conducted