പി.എം.എ.വൈ (നഗരം) ലൈഫ് : സംസ്ഥാനത്ത് 11011 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 455.89 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

Posted on Tuesday, September 7, 2021

*പദ്ധതിയുടെ ഭാഗമായി നാളിതു വരെ, ഭൂമിയുള്ള ഭവനരഹിതരായ 1.02,229 ഗുണഭോക്താക്കള്‍ക്ക്
 വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു  

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും സംയുക്തമായി സംസ്ഥാനത്തു നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ്(പി.എം.എ.വൈ(നഗരം)-ലൈഫ്) പദ്ധതിയുടെ ഭാഗമായി 10653 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സെന്‍ട്രല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഭൂമിയുളള ഭവനരഹിതര്‍ക്കായുള്ള ഗുണഭോക്തൃ കേന്ദ്രീകൃത നിര്‍മാണ ഘടകത്തില്‍ ഉള്‍പ്പെടുത്തി 84 തദ്ദേശ നഗരസഭകളില്‍ നിന്നു ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അംഗീകാരം. ഇതുകൂടാതെ അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ്, ഭവന വിപുലീകരണം എന്നീ ഘടകങ്ങളുടെ കീഴില്‍ ലഭിച്ച പദ്ധതി രൂപരേഖകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 455.89 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അംഗീകാരം ലഭിച്ചത്. സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

നിലവില്‍ ഭവനനിര്‍മാണത്തിന് അംഗീകാരം നേടിയ 10653 ഗുണഭോക്താക്കളില്‍ 2513 ഗുണഭോക്താക്കള്‍ ലൈഫ് മിഷനില്‍ നിന്നും ലഭ്യമാക്കിയ പട്ടികയിലുള്ളവരാണ്.  പട്ടികജാതി പട്ടികവര്‍ഗ, ഫിഷറീസ് വകുപ്പുകള്‍ മുഖേന ലൈഫ് മിഷനില്‍ ലഭ്യമാക്കിയ ഗുണഭോക്താക്കളുടേതാണ് ഈ പട്ടിക. കൂടാതെ ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെയും, ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ നിന്നും നിലവില്‍ സ്വന്തമായി ഭൂമി നേടിയിട്ടുള്ള ഗുണഭോക്താക്കളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലൈഫ് മിഷന്‍ സമര്‍പ്പിച്ച പട്ടികയിലെ 2513 ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണത്തിന് ആവശ്യമായ നഗരസഭാ വിഹിതം ഹഡ്കോ വായ്പയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. ലൈഫ് മിഷന്‍ മുഖേനയായിരിക്കും ഇതു നല്‍കുക.

ഇതോടൊപ്പം ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചു നല്‍കുന്ന അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ് ഘടകത്തില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍, ആന്തൂര്‍, കൂത്താട്ടുകുളം, കൊല്ലം, കട്ടപ്പന, എന്നീ അഞ്ചു നഗരസഭകള്‍ സമര്‍പ്പിച്ച 196 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 27.34 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ഇതില്‍ 24.40 കോടി രൂപ സംസ്ഥാന വിഹിതവും 2.94 കോടി രൂപ കേന്ദ്ര വിഹിതവുമാണ്.

ആലപ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍, അടൂര്‍, എന്നീ നാല് നഗരസഭകളുടെ 162 ഭവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള 2.43 കോടി രൂപയുടെ പദ്ധതിയും അംഗീകാരം നേടി. പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായ ഭവനവിപുലീകരണ ഘടകത്തില്‍  ഉള്‍പ്പെടുത്തിയാണിത്. 21 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള ഭവനങ്ങളെ 30 ചതുരശ്ര മീറ്റര്‍ വ്സ്തീര്‍ണമുള്ള ഭവനങ്ങളാക്കി മാറ്റുന്നതിന് 1.5 ലക്ഷം രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതിയിലെ ഈ ഉപഘടകം.

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ഭൂമിയുള്ള ഭവനരഹിതരായ  1.02,229 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 86,446 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇതോടൊപ്പം 68930 വീടുകള്‍ വാസയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 58476 ഗുണഭോക്താക്കള്‍ക്ക് അവസാന ഗഡുവും ലഭ്യമാക്കി. പദ്ധതി നടത്തിപ്പിനായി 932.63 കോടി രൂപ കേന്ദ്ര വിഹിതവും സംസ്ഥാന-നഗരസഭാ വിഹിതമായ 1942.94 കോടിരൂപയും ഉള്‍പ്പെടെ ആകെ 2875.57 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.  

2018, 2019 പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്ക് നിലവിലെ വാസഗൃഹം താമസയോഗ്യമല്ലെങ്കില്‍ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ മാസം 12ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ അനുമതിയും കുടുംബശ്രീക്ക് ലഭ്യമായിട്ടുണ്ട്.

Content highlight
PMAY-LIFE sanction for constructing 11011 housesml