പലകാരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിന് തുണയാകുന്ന 'സമ' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷനും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സമ പദ്ധതി വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം തുല്യതാ പരീക്ഷയും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയും എഴുതി വിജയിക്കാന്‍ പരിശീലനം നല്‍കുകയാണ് ചെയ്യുക. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ഓരോ പഞ്ചായത്തിലും പത്താംതരം തുല്യതാ പരീക്ഷയെഴുതാനും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയെഴുതാനും 50 വീതം കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് സമയുടെ ആദ്യഘട്ടം. കുടുംബശ്രീ മുഖേന ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഓരോ പഞ്ചായത്തിലുമുള്ള ഈ 100 പേരുടെ പഠനം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പത്താംക്ലാസ്സ് തുല്യതയ്ക്ക് പഠിക്കുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 1750 രൂപയും പരീക്ഷാ ഫീസ് ആയി 500 രൂപയും ഉള്‍പ്പെടെ ആകെ 2250 രൂപയാണ് വേണ്ടത്. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 2 വര്‍ഷത്തേക്ക് 4400 രൂപയും പരീക്ഷാ ഫീസ് ഇനത്തില്‍ 1500 രൂപയും അങ്ങനെ ആകെ 5900 രൂപയാണ് വേണ്ടത്. ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കും.
2020 ജനുവരി മുതല്‍ നവംബര്‍ മാസം വരെയുള്ള സമയത്ത് ഒഴിവുദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി നവംബര്‍ മാസത്തില്‍ പത്താം ക്ലാസ്സ്, പതിനൊന്നാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനും 2021 നവംബറില്‍ പന്ത്രണ്ടാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനുമാണ് സമ വഴി ലക്ഷ്യമിടുന്നത്. ഈ ക്ലാസ്സുകള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിലും രണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് വീതം ചുമതല നല്‍കും.
- 773 views