വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാവിധ ഫീസ് കളക്ഷനും ഇനി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്

Posted on Thursday, December 13, 2018

തിരുവനന്തപുരം: എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാ വിധ ഫീസ് കളക്ഷനും കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്. ഇതു പ്രകാരം പാര്‍ക്കിങ്ങ്, ബസ് എന്‍ട്രി, ടോയ്ലറ്റ് തുടങ്ങിയവയുടെ ഫീസ് കളക്ഷന്‍ ഇനി മുതല്‍ കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് വഴിയാകും. നിലവില്‍ ഹബ്ബിലെ ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി സര്‍വീസ് എന്നിവയുടെ ചുമതല കുടുംബശ്രീക്കാണ്. ഫീസ് കളക്ഷനുള്ള അവസരം കൂടി ലഭിച്ചതോടെ മൊബിലിറ്റി ഹബ്ബിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല കുടുംബശ്രീക്ക് കൈവന്നിരിക്കുകയാണ്. മൊബിലിറ്റി മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍.ഗരിജ കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ഗീവര്‍ഗീസ് എന്നിവര്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചത്. രണ്ടു വര്‍ഷമാണ് കാലാവധി. ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എട്ടു മണിക്കൂര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ശമ്പളത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചി മെട്രോയിലെ വിവിധ വിഭാഗങ്ങളില്‍ കുടുംബശ്രീ വനിതകള്‍ കാഴ്ച വച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി സര്‍വീസ്, ഹൗസ്കീപ്പിങ്ങ് എന്നിവയ്ക്കായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി അംഗീകരിക്കുകയായിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി ഫീസ് കളക്ഷനുളള അവസരം കൂടി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിനു ലഭിച്ചത്.      

Content highlight
ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്