'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍; വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു

Posted on Tuesday, January 7, 2020

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുന്‍നിര്‍ത്തി കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം'  ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. കുടുംബശ്രീ സംസ്ഥാനമിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം നല്‍കി.

മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി. രതീഷ്, മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ്, കാസര്‍ഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപേഷ്   എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി.  അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.വി, അയ്യപ്പന്‍ എം.കെ, സുജിത.പി എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. ആയിരം രൂപയാണ് സമ്മാനത്തുക.  

 പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്‍റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്തതിനാണ് ഇ. റിയാസിന് രണ്ടാം സ്ഥാനം. അയല്‍ക്കൂട്ട വനിതകളുടെ ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രമാണ്  ദീപേഷിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.   

 2019 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്. മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ്. പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി-ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോജേര്‍ണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഓഫീസര്‍ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

 

 

 

 

 

 

 

 

 

 

Content highlight
ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.