ഉരുള്‍പൊട്ടലിന്റെ ദുരിതമുഖത്തു നിന്നും വയനാടിന് കരുതലേകാന്‍ 'ഞങ്ങളുമുണ്ട് കൂടെ' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീയും. വയനാടിന്റെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധന സമാഹരണത്തിനായി ഓഗസ്റ്റ് 10,11 തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക അയല്‍ക്കൂട്ട, ഓക്സലറി ഗ്രൂപ്പ് യോഗങ്ങള്‍ ചേരും.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം വഴി സമാഹരിക്കുന്ന മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് സംസ്ഥാനമിഷനിലെത്തിക്കുന്നതിനു
ഓഗസ്റ്റ് 12ന് അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നും ദുരിതാശാസ നിധിയിലേക്കായി സമാഹരിക്കുന്ന മുഴുവന്‍ തുകയും അന്നു തന്നെ എ.ഡി.എസുകള്‍ക്ക് കൈമാറും. തുടര്‍ന്ന് ഓഗസ്റ്റ് 13ന് സി.ഡി.എസുകള്‍ക്ക് കൈമാറുന്ന ഈ തുക ജില്ലാമിഷനുകളുടെ അക്കൗണ്ടിലേക്കും മാറ്റും. ഇപ്രകാരം ഓരോ സി.ഡി.എസും നിക്ഷേപിക്കുന്ന തുകയുടെ കൗണ്ടര്‍ഫോയില്‍ 14ന് ജില്ലാ മിഷനുകള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക അവലോകന യോഗത്തില്‍ സമര്‍പ്പിക്കും. കൗണ്ടര്‍ ഫോയിലില്‍ പറഞ്ഞ പ്രകാരമുള്ള തുക ബാങ്കില്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഓരോ ജില്ലാമിഷനും സമാഹരിച്ച മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് തന്നെ സംസ്ഥാനമിഷന്റെ അക്കൗണ്ടിലേക്ക് നല്‍കും. ഇതോടൊപ്പം ഓരോ സി.ഡി.എസില്‍ നിന്നു ലഭിച്ച തുകയുടെ വിശദാംശങ്ങളും പ്രത്യേകം ലഭ്യമാക്കും.
തുക സംഭാവന നല്കുന്ന അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പേര് വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും. എ.ഡി.എസ്, സി.ഡി.എസ്, ജില്ലാമിഷന് എന്നിവിടങ്ങളിലേക്ക് തുക കൈമാറുമ്പോഴും ഇതു സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കും. നിക്ഷേപിക്കുന്ന തുകയുടെ രസീതും നല്‍കും. അതോടൊപ്പം മിനുട്സിലും രേഖപ്പെടുത്തും.
ഇതിനു മുമ്പും പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ച സമയത്ത് നാടിന് കൈത്താങ്ങ് നല്കാന് കുടുംബശ്രീ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ല്‍ കേരളത്തെയൊന്നാകെ ഉലച്ച പ്രളയത്തില്‍ കേരളത്തിന്റെ പുനസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ നല്‍കിയത് 11.18 കോടി രൂപയാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ വിതരണം, അവശ്യസാധനങ്ങളുടെ സമാഹരണം, റീസര്‍ജന്റ് കേരള ലോണ്‍ സ്കീം വഴി കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങള്‍, പ്രളയത്തില്‍ പെട്ട വീടുകളുടെ ശുചീകരണം, ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനായി കൗണ്‍സലിങ്ങ് തുടങ്ങി നിരവധി സേവനങ്ങളാണ് കുടുംബശ്രീ മുഖേന അന്ന് ലഭ്യമാക്കിയത്. നിലവില്‍ വയനാട്ടിലും നിരവധി സന്നദ്ധസേവനങ്ങളാണ് കുടുംബശ്രീ മുഖേന നിര്‍വഹിച്ചു വരുന്നത്.
- 48 views