തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തിയ അരക്ഷിതാവസ്ഥാ പഠനം (വള്‍ണറബിലിറ്റി മാപ്പിങ്ങ്) രണ്ടാം ഘട്ടവും വന്‍വിജയമാകുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സാമ്പത്തിക സാമൂഹ്യ വികസനവും ലക്ഷ്യമിട്ട് സി.ഡി.എസുകള്‍ സമര്‍പ്പിച്ച 77 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കി. 2016 നവംബറിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 28 പഞ്ചായത്തുകളില്‍ നടത്തിയ വള്‍ണറബിലിറ്റി മാപ്പിങ്ങിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 12 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 140 പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് മാപ്പിങ്ങിനാവശ്യമായ വിവരശേഖരണം നടത്തിയത്. വീടുകള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങള്‍, അയല്‍സഭ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച സര്‍വേയില്‍ ഓരോ പ്രദേശത്തും പ്രദേശ വാസികള്‍ നേരിടുന്ന പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ അപര്യാപ്തതകള്‍ കാരണം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും വ്യക്തമായിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കിയ ഓരോ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുഖേന അതത് തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച 77 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചത്.
വള്‍ണറബിലിറ്റി മാപ്പിങ്ങ് നടപ്പാക്കിയ 140 പഞ്ചായത്തുകളില്‍ വനിതാ വികസനം (10.65 കോടി രൂപ), ഉപജീവനവും തൊഴില്‍ പരിശീലനവും (രണ്ടു കോടി രൂപ), ജെന്‍ഡര്‍ വികസനം (5.98 കോടി രൂപ), പട്ടികജാതി പട്ടികവര്‍ഗ വികസനം (1.71 കോടി രൂപ), അടിസ്ഥാന സൗകര്യ വികസനം ( 21 കോടി രൂപ), വെള്ളം, ആരോഗ്യം, ശുചിത്വം (11.61 കോടി രൂപ), കൃഷി- മൃഗസംരക്ഷണം (15.53 കോടി രൂപ ) ഭിന്നശേഷിക്കാര്‍ (3.76 ) ശിശുവികസനം(1.64), വയോജന പരിചരണം(2.95 കോടി) എന്നിങ്ങനെ വിവിധ മേഖകളിലായി സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കിയത്.
ആദ്യഘട്ടത്തില്‍ മാപ്പിങ്ങിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപ്പാരല്‍ യൂണിറ്റ്, വനിതാ മെഡിക്കല്‍ ലാബ്, പ്ളാസ്റ്റിക് സംസ്കരണം തുടങ്ങി നിരവധി തൊഴില്‍ പദ്ധതികള്‍ക്കൊപ്പം ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വയോജനങ്ങള്‍ക്ക് പകല്‍വീട,് വിധവ ഉപജീവനം, ഭിന്നശേഷിക്കാര്‍ക്ക് ട്രൈസൈക്കിള്‍, നിര്‍ഭയയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍, പെണ്‍ സൗഹൃദ ടോയ്ലെറ്റുകള്‍, ബഡ്സ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന 12 കോടി രൂപയുടെ വ്യത്യസ്തങ്ങളായ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ തുക വകയിരുത്തി അംഗീകാരം നല്‍കിയിരുന്നു.
- 95 views