തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തിലെ തൊണ്ണൂറ്റി മൂന്നു നഗരസഭകളില്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു. ആറു കോടി രൂപയുടെ പുരസ്കാരം ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് മിഷന് മാനേജര്‍മാരായ ജെയ്സണ്‍.പി.ജെ, സുധീര്‍.കെ.ബി, രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനു കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന്, കേന്ദ്ര പദ്ധതിയായ ദീന് ദയാല്‍ ഉപധ്യായ ഗ്രാമീണ്‍ കൗശല്യ യോജന എന്നിവ ഉള്‍പ്പെടെ കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.
2017-18 വര്‍ഷം നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതികളുടെ മികവാണ് കുടുംബശ്രീക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. തെരുവോരകച്ചവടക്കാരുടെയും തെരുവില്‍ അന്തിയുറങ്ങുന്നവരുടെയും പുനരധിവാസം, അയല്‍ക്കൂട്ട രൂപവല്‍ക്കരണം, തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ പദ്ധതി, വായ്പ ലഭ്യമാക്കല്‍, പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
- 161 views