തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കെതിരേയുള്ള പ്രതിരോധവും പ്രതികരണവും അയല്‍ക്കൂട്ടങ്ങളില്‍ എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 10ന് കുടുംബശ്രീ ആരംഭിച്ച സംസ്ഥാനതല ക്യാമ്പെയ്ന്‍ വിജയകരമായി മുന്നേറുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പരിപാടികള്‍ അയല്‍ക്കൂട്ടതലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം 20,21,22 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാമ്പെയ്ന്‍റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് സംസ്ഥാനത്ത് സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക എന്നതാണ്. കൂടാതെ ലിംഗവിവേചനത്തിലധിഷ്ഠിതമായ അതിക്രമങ്ങളെ ചെറുക്കുകയും പ്രതിരോധിക്കുകയും ചെയ്യുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയെ സൃഷ്ടിക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് പിന്തുണാ സഹായം നല്‍കുകയും സംവിധാനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുക, അവകാശങ്ങളില്‍ അധിഷ്ഠിതമായി സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുക, പൊതുവിഭവങ്ങളിന്‍ മേലും സേവന സംവിധാനങ്ങളിലും സ്ത്രീയുടെ പ്രാപ്യത വര്‍ധിപ്പിക്കുക, നിലവിലെ നിയമങ്ങളെ കുറിച്ചും സഹായ സംവിധാനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെ കണ്ടെത്തിക്കൊണ്ട് അവ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ നടപ്പാക്കുന്നത്. കാമ്പെയ്ന്‍ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന വ്യത്യസ്തങ്ങളായ അതിക്രമങ്ങള്‍ക്കും അരക്ഷിതാവസ്ഥകള്‍ക്കുമെതിരേ പൊതു സമൂഹത്തില്‍ വ്യക്തമായ കാഴിചപ്പാട് സൃഷ്ടിക്കുന്നതിനും അതുവഴി പ്രാദേശികമായും സംസ്ഥാന വ്യാപകമായും നടത്താന്‍ കഴിയുന്ന പദ്ധതികള്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തയ്യാറാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.
വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 2,53,906 അയല്‍ക്കൂട്ടങ്ങളിലും 906 സി.ഡി.എസുകളിലും കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ വനിതകള്‍ക്കൊപ്പം ഓരോ കുടുംബത്തിലെയും പുരുഷന്‍മാര്‍ പങ്കെടുത്ത കുടുംബസംഗമത്തില്‍ കുടുംബത്തിലെ ജനാധിപത്യം, അടിസ്ഥാന മാനുഷിക അവകാശങ്ങള്‍, അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ യെ സംബന്ധിച്ച് ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇപ്രകാരം അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സംബന്ധിച്ച പുര്‍ണ വിവരങ്ങള്‍ എ.ഡി.എസ്തലത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.
സി.ഡി.എസ്തലത്തില്‍ 'അതിക്രമങ്ങള്‍ക്കെതിരേ സഹയാത്രാ സംഗമം' എന്ന പേരില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്ളോക്കുകളിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍, വനിതാ സംവിധായകരുടെ സിനിമകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ എന്നിവയാണ് കാമ്പെയ്നോടനുബന്ധിച്ച് ബ്ളോക്കുതലത്തില്‍ പ്രദര്‍ശിപ്പിച്ചു വരുന്നത്. ജില്ലാതലത്തില്‍ കുടംബശ്രീ വനിതകള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരാവല്‍ക്കരണം കുടുംബശ്രീയിലൂടെ, സ്ത്രീയും ഭരണ നിര്‍വഹണവും എന്നീ വിഷയങ്ങളിലാണ് മത്സരം നടത്തുന്നത്.
കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോജക്ട് മാനേജര്‍മാര്‍ എന്നിവര്‍ക്കാണ് കാമ്പെയ്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.
- 112 views