ജെന്‍ഡര്‍ - കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ദേശീയ ത്രിദിന ശിൽപ്പശാല സമാപിച്ചു

Posted on Saturday, March 19, 2022

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 മുതൽ തൃശ്ശൂരിൽ നടത്തിവന്ന ദേശീയ ത്രിദിന ശിൽപ്പശാല 17ന്‌ സമാപിച്ചു. ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.


  എൻ.ആർ,എൽ.എം -ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതുമായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, അരുണാചൽപ്രദേശ് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതിലേറെ പ്രതിനിധികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.
 

finl
  ജെൻഡർ മേഖലയിൽ നടത്തുന്ന പ്രത്യേക ഇടപെടലുകളെക്കുറിച്ച് മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യ ദിനത്തിൽ അവതരണങ്ങൾ നടത്തി. അതേസമയം രണ്ടാംദിനത്തിൽ കുടുംബശ്രീ മുഖേന കേരളത്തിൽ നടത്തുന്ന ജെൻഡർ ഇടപെടലുകൾ നേരിട്ട് കണ്ടറിയുന്നതിനായി നടത്തറ, പാണഞ്ചേരി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ സംഘം പഠനസന്ദർശനം നടത്തി.
 
 ഓരോ സംഘവും ഇവിടെ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പകർത്താനാകുന്ന മികച്ച ഇടപെടലുകൾ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടത്തുന്ന മാതൃകാ ഇടങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.

 

Content highlight
national gender workshop concludes