കുടുംബശ്രീയുടെ സ്‌നേഹിത @ സ്‌കൂളിന് തുടക്കം

Posted on Monday, October 14, 2019

കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായുള്ള സ്‌നേഹിത @ സ്‌കൂള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം പുതുവേലി ഗണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ നാലിന് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

  തിരുവനന്തപുരം ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ നല്‍കുക. മാനസിക പ്രശ്‌നങ്ങളെയും സംഘര്‍ഷങ്ങളെയും അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക, ജീവിത വിജയത്തിനൊപ്പം പഠനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത @ സ്‌കൂള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

  നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. ഈ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായാണ് സ്‌നേഹിത @ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരിയായി നിന്നുകൊണ്ട് സ്‌നേഹിതയുടെ സേവന സംവിധാനങ്ങള്‍ പ്രാദേശിക സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്തും.  14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ ക്ലിനിക്കുകളുടെ സേവനവും ഉപയോഗപ്പെടുത്തും. സ്‌കൂളുകളിലെല്ലാം സ്‌നേഹിത കൗണ്‍സിലറുടെ സേവനം നല്‍കും.

 

Content highlight
നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. ഈ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായാണ് സ്‌നേഹിത @ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.