സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ "എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പെയ്ന്റെ ഭാഗമായുള്ള ഗുണഭോക്തൃ സർവേയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇരുമന്ത്രിമാരുടെയും സാന്നിധ്യത്തിൽ കുടുംബശ്രീ എന്യൂമറേറ്റർ ചെങ്ങന്നൂർ വൈ.എം.സി.എ റോഡിൽ ബ്രീൻലാൻഡ് അജീഷ് കുമാറിന്റെ വീട്ടിലെത്തി സർവേയ്ക്ക് തുടക്കമിട്ടു.
സർവേയിലൂടെ കണ്ടെത്തുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരിൽ നിന്നും ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) മുഖേന അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണിത്. ഇപ്രകാരം തൊഴിൽ ലഭിക്കുന്നവരിൽ ഏറെയും സ്ത്രീകളായിരിക്കും.
18നും 59നും ഇടയിൽ പ്രായമുള്ള കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. സർവേയിലൂടെ കണ്ടെത്തുന്നവരിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇപ്രകാരം കണ്ടെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വൈദഗ്ധ്യവും അഭിരുചിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കുന്നതിനും ഗുണഭോക്താക്കൾക്ക് താൽപ്പര്യമുള്ള തൊഴിൽമേഖലകളിലേക്ക് അവരെ നയിക്കുന്നതിനുമായി കൗൺസലിങ്ങ് നൽകാനും പദ്ധതിയുണ്ട്. ഇപ്രകാരം കൗൺസലിങ്ങ് നൽകുന്നതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിൽ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകും. ഇവർ "ഷീ കോച്ചസ്' എന്ന പേരിലാകും അറിയപ്പെടുക.
നിലവിൽ മൂവായിരത്തിലേറെ തൊഴിൽദാതാക്കൾ തൊഴിൽ നൽകാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കുടുംബശ്രീയുടെ സർവേ വഴി കണ്ടെത്തുന്ന ഗുണഭോക്തൃ പട്ടികയിൽ ഏറ്റവും മികച്ച അക്കാദമിക് നിലവാരവും തൊഴിൽ വൈദഗ്ധ്യവുമുളളവരെയാണ് ആദ്യം പരിഗണിക്കുക. ബാക്കിയുള്ള ഗുണഭോക്താക്കളിൽ കൂടുതൽ നൈപുണ്യപരിശീലനം ആവശ്യമായവർക്ക് അതു നൽകിയ ശേഷമായിരിക്കും തൊഴിൽ ലഭ്യമാക്കുന്നത്. ഇങ്ങനെ ഘട്ടംഘട്ടമായി കേരളത്തിൽ 20 ലക്ഷം പേർക്കും തൊഴിൽ നൽകാൻ സാധിക്കും.
ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത നാലു വർഷത്തിനുള്ളിൽ കേ-ഡിസ്കുമായി ചേർന്ന് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ സാധിക്കും. കേരളത്തിലെ വൈജ്ഞാനിക സമ്പത്ത് മൂലധനമാക്കിയാകും ഇതു സാധ്യമാക്കുക. കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനം ഏറെ മുന്നോട്ടു പോയെന്നും രാഷ്ട്രീയത്തിനും അതീതമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്വാഗതം പറഞ്ഞു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെബിൻ.പി.വർഗ്ഗീസ്, ഇന്ദിരാ ദാസ്, മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ.എം, അടൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഡി. സജി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. പുഷ്പലത മധു, മാന്നാർ ഡിവിഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചർ, മഞ്ജുള ദേവി, ആതിര.ജി., ചെങ്ങന്നൂർ നഗരസഭ വാർഡ് കൗൺസിലർ വിജി.വി എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു നന്ദി പറഞ്ഞു.
- 1149 views