സ്ത്രീകള്‍ പുരുഷ മേധാവിത്വത്തില്‍ നിന്നു മാറി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Monday, August 22, 2022

സ്ത്രീകള്‍ പുരുഷ മേധാവിത്വത്തില്‍ നിന്നു മാറി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ 1070 സി.ഡി.എസ്ചെയര്‍പേഴ്സണ്‍മാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ ഭാഗമായി മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച നാലാം ബാച്ചിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബവ്യവസ്ഥയില്‍ പുരുഷനൊപ്പം ജനാധിപത്യപരമായ പങ്കു നേടാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഗാര്‍ഹിക ജോലികള്‍ക്ക് മൂല്യമുണ്ടെന്ന് തിരിച്ചറിയുകയും വേണം. പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകളെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് എല്ലാ വാര്‍ഡുകളിലും രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകള്‍ വഴി സമൂഹത്തില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും പ്രതികരിക്കാനും അതിലൂടെ സാമൂഹ്യപ്രശ്നങ്ങളില്‍ കുടുംബശ്രീയുടെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും ഓക്സിലറി ഗ്രൂപ്പുകള്‍ സഹായകമാകുന്നുണ്ട്. സ്ത്രീശാക്തീകരണവും സമത്വവും സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്‍ബലവും കൂടിയേ തീരൂ. അതിന് സി.ഡി.എസ് അധ്യക്ഷമാര്‍ തങ്ങളുടെ പഞ്ചായത്തിലെ സാധ്യതകള്‍ മനസിലാക്കി കാര്‍ഷിക വ്യാവസായിക സൂക്ഷ്മസംരംഭ മേഖലയിലടക്കം വരുമാനദായക സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആകര്‍ഷകമായ പായ്ക്കിങ്ങും ബ്രാന്‍ഡിങ്ങും ഉള്‍പ്പെടെ എല്ലാ ജില്ലകളില്‍ നിന്നും ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ കുടുംബശ്രീയുടേതായി ഉല്‍പാദിപ്പിക്കാന്‍ കഴിയണം. അടുത്ത വര്‍ഷം ഓണത്തിന് കുടുംബശ്രീയുടെ നൂറു കണക്കിന് ജനകീയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദി പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യ നായര്‍, വിപിന്‍ വില്‍ഫ്രഡ് എന്നിവര്‍ പങ്കെടുത്തു.

Content highlight
M.V. Govindan Master addresses the newly inducted Kudumbashree CDS Chairpersons during the valedictory function of the fourth batch of 'Chuvad 2022' training