'ഉയരെ' ക്യാമ്പയിനിലൂടെ ഒാരോ വ്യക്തിയിലും ലിംഗസമത്വ അവബോധം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന "ഉയരെ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിച്ച പതിമൂന്നാമത് ദേശീയ സരസ് മേളയിലെ "വൃത്തിയുടെ വിജയം" വിജയാഘോഷ പരിപാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്ക് ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതോടൊപ്പം സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
നിലവിൽ "ഉയരെ' ക്യാമ്പയിനൊപ്പം ദേശീയ ജെൻഡർ ക്യാമ്പയിനായ "നയി ചേത്ന'4.0 ഭാഗമായി അയൽക്കൂട്ടങ്ങളിൽ ജനുവരി ഒന്നു മുതൽ "അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്നവിഷയത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ "ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ', "സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ', "കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം", "കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി' എന്നീ വിഷയങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകും.
ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രതേ്യക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ ലിംഗസമത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാൻകുട്ടി അധ്യക്ഷയായി. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുധീഷ കുമാർ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് അംഗം പി.ഐ ഹുസൈൻ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സജീഷ് കളത്തിൽ, സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് അധ്യക്ഷമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതവും ഹരിതകർമ സേനാ പ്രോഗ്രാം ഒാഫീസർ മേഘാ മേരി കോശി നന്ദിയും പറഞ്ഞു.
- 11 views



