തിരുവനന്തപുരം: പ്രളയദുരിതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും നാടിന്‍റെ നന്‍മയ്ക്കായി കാരുണ്യത്തിന്‍റെ കരുതലൊരുക്കുകയാണ് കുടുംബശ്രീ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെ (ബി.ആര്‍.സി) അധ്യാപകരും അനധ്യാപകരും. സംസ്ഥാനത്തെ 114 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയിലെ ഇരുനൂറ്റി എഴുപത്തഞ്ചോളം അംഗങ്ങളാണ് തങ്ങളുടെ നഷ്ടങ്ങള്‍ മറന്ന് കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി കൈകോര്‍ത്തത്. ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഷീജാ ബീഗം, അംബികാ കുമാരി, വിനീത, ശാന്തി എന്നിവര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ വെള്ളിയാഴ്ച (14-9-2018) വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കൈമാറി. പ്രളയദുരന്തത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടും തങ്ങളാലാകുന്ന സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ടു വരികയായിരുന്നു.
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പകല്‍പരിപാലനവും സംരക്ഷണവും നല്‍കുന്നതാണ് കുടുംബശ്രീയുടെ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങള്‍(ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍) അഥവാ ബി.ആര്‍.സി. കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി എല്ലാവരും സ്വയം മുന്നോട്ടു വരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ക്കാവുന്ന സംഭാവന നല്‍കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഇവരെല്ലാവരും ഒരേ മനസോടെ ഇതിനായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ ബി.ആര്‍.സി സ്ഥാപനങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയവയാണ്. ഇവിടങ്ങളിലെ അധ്യാപകരുടെയും അനധ്യാപരുടെയും വീടുകളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരില്‍ തന്നെ പലര്‍ക്കും മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉളളവരാണ്. ഈ കുട്ടികളും ബി.ആര്‍.സിയിലെ അന്തേവാസികളാണ്. മിക്ക ബി.ആര്‍.സി സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ അവിടുത്ത അധ്യാപകര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ നല്‍കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു.
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ ഈ സ്ഥാപനങ്ങളും അവരുടെ വീടുകളും വെള്ളത്തിനടിയിലായതോടെ അധ്യാപകരും രക്ഷകര്‍ത്താക്കളും ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് ഇവരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. പ്രളയം തകര്‍ത്ത കേരളത്തിനു കൈത്താങ്ങാകാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ബി.എര്‍.സിയിലെ അധ്യാപകര്‍.
- 47 views