ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്തത് 5400 ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ. സെപ്റ്റംബർ മൂന്നിനകം 5000 ഗിഫ്റ്റ് ഹാമ്പറുകൾ വിപണനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ബുക്കിങ്ങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം മറി കടക്കാനായി. 48 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ച വിറ്റുവരവ്. ഇതു കൂടാതെ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിഞ്ഞു. 3.5 കോടി രൂപയാണ് ഇതിലൂടെ ലഭിച്ച വിറ്റുവരവ്. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
250 ഗ്രാം ചിപ്സ്. 250 ഗ്രാം ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല, 250 ഗ്രാം പായസം മിക്സ് സേമിയ, 250 ഗ്രാം പായസം മിക്സ് പാലട, 250 ഗ്രാം മുളക് പൊടി, 250 ഗ്രാം മല്ലിപ്പൊടി, 100 ഗ്രാം മഞ്ഞൾപ്പൊടി, 100 ഗ്രാം വെജിറ്റബിൾ മസാല തുടങ്ങി ഒമ്പത് ഇനം ഉൽപന്നങ്ങൾ ഉൾപ്പെടെ 799 രൂപയുടെ ഗിഫ്റ്റ് ഹാമ്പറാണ് വിപണനത്തിനായി സജ്ജീകരിച്ചത്. പ്രിയപ്പെട്ടവർക്ക് ഒാണസമ്മാനമായി ഗിഫ്റ്റ് ഹാമ്പറുകൾ നൽകാനായത് വിപണനത്തെ സഹായിച്ചു. സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാ കാർഡുകൾ നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പോക്കറ്റ്മാർട്ട് ആപ് പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. കുടുംബശ്രീ ഉൽപന്നങ്ങളും വിവിധ പദ്ധതികൾ വഴിയുള്ള സേവനങ്ങളും പോക്കറ്റ് മാർട്ട് വഴി ലഭ്യമാകും.
- 40 views



