കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് 'രചന'-കുടുംബശ്രീ അംഗങ്ങളുടെ സമകാലിക കഥകള്‍,-കര്‍മ പദ്ധതി ആവിഷ്കരിക്കല്‍' ചര്‍ച്ച സംഘടിപ്പിച്ചു. ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും 25 വര്‍ഷത്തെ പ്രയാണത്തിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീ വനിതകളുടെ അനുഭവങ്ങള്‍ ലോകത്തിന് നല്‍കുന്ന നിധിയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു.
കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷത്തെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന പരിപാടിയായ 'രചന'യുടെ ആശയവും അതിന്‍റെ നിര്‍വഹണ രീതിയും ശുചിത്വമിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍ വിശദീകരിച്ചു.
കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബ സാമൂഹ്യ പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്നു 'രചന'യിലൂടെ രേഖപ്പെടുത്തും. കുടുംബശ്രീയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കേരളീയ സ്ത്രീ സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമാണ് ഇതില്‍ ഉണ്ടാവുക. ഇതിലൂടെ സംസ്ഥാനത്തെ ഓരോ സി.ഡി.എസിന്‍റെയും 25 വര്‍ഷത്തെ ചരിത്രം ലഭ്യമാകും. പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കൈവരിച്ച സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച, ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതി, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പ്രാദേശിക സര്‍ക്കാരുകളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാര കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയില്‍ ഇടം നേടും. കുടുംബത്തിലും സമൂഹത്തിലും പൊതുമണ്ഡലത്തിലും കടന്നു വരുന്ന സ്ത്രീവിരുദ്ധതയെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് കേരളീയ സ്ത്രീ സമൂഹം ആര്‍ജിച്ചതും ഇതില്‍ വ്യക്തമാക്കും. ആഗസ്റ്റ് 25നകം 'രചന' പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പങ്കാളിത്ത രചനയിലൂടെയാണ് ഈ രജതചരിത്രം തയ്യാറാക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള സി.ഡി.എസ് പ്രവര്‍ത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകള്‍ ഒരുമിക്കും. ഇതിന്‍റെ ഭാഗമായി 1998 മുതല്‍ 2023 വരെ കാലഘട്ടത്തിലെ സി.ഡി.എസ് ഭാരവാഹികള്‍ ഉള്‍പ്പെട്ട രചനാ കമ്മിറ്റി രൂപീകരിക്കും. കുടുംബശ്രീയുടെ ചരിത്ര രചനയില്‍ മുഖ്യവിവര സ്രോതസായി പ്രവര്‍ത്തിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.
'രചന'കമ്മിറ്റി കൂടാതെ ഓരോ തദ്ദേശ സ്ഥാപനതലത്തിലും അഞ്ചുമുതല്‍ പത്തു വരെ സ്ത്രീകളെ ഉള്‍പ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകളും രൂപീകരിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്അംഗങ്ങള്‍, ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസുള്ള യുവതികള്‍, പഠനവും എഴുത്തും നടത്താന്‍ കഴിവുള്ള സ്ത്രീകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നവര്‍, സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍, ഗവേഷകര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നും വായനയിലും രചനയിലും താല്‍പ്പര്യമുള്ളവര്‍ എന്നിവരാണ് അക്കാദമിക് ഗ്രൂപ്പില്‍ അംഗമാവുന്നത്.
- 1275 views