സപ്ളൈക്കോ ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും

Posted on Monday, August 2, 2021

*ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും  ചിപ്സിന്റെ 16060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി

തിരുവനന്തപുരം:  ഇത്തവണ ഓണത്തിന് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സപ്ളൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരവും. കിറ്റിൽ ഉൾപ്പെടുത്താനുള്ള നൂറു ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീ സംരംഭകരാണ്. നിലവിൽ സപ്ളൈക്കോയിൽ നിന്നും 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.  ഇതിന്റെ ഭാഗമായി സംരംഭകർ തയ്യാറാക്കിയ ശർക്കരവരട്ടിയുടെ പതിനേഴ് ലക്ഷം പായ്ക്കറ്റുകളും ചിപ്സിന്റെ 16,060 പായ്ക്കറ്റുകളും സപ്ളൈക്കോയ്ക്ക് നൽകി. കരാർ പ്രകാരം വിതരണം ചെയ്യാൻ ബാക്കിയുള്ള ഉത്പന്നങ്ങൾ എത്തിക്കാനുള്ള  പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി.
 
ആദ്യഘട്ടത്തിൽ അന്ത്യോദയ അന്ന യോജന, ബി.പി.എൽ കാർഡ് ഉടമകൾക്കാണ് സപ്ളൈക്കോ കിറ്റ് വിതരണം ചെയ്യുക.  പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 29.12 രൂപ നിരക്കിൽ സപ്ളൈക്കോ സംരംഭകർക്ക് നൽകും. സംരംഭകർ ഡിപ്പോയിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന മുറയ്ക്ക് സപ്ളൈക്കോ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകും.

കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലേറെ കാർഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ജില്ലാ മിഷൻ അധികൃതരുടെ പിന്തുണയോടെ സംസ്ഥാനത്ത്  സപ്ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുമുള്ള ഉത്പന്ന വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സപ്ളൈക്കോ ആവശ്യപ്പെട്ട അളവിൽ ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വനിതാ കർഷക സംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ സംഭരണവും കൂടുതൽ കാര്യക്ഷമമാക്കി.

കോവിഡ് കാലത്തു സംരംഭകർക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഓണം വിപണിയെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സപ്ളൈക്കോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്. നിലവിൽ നേന്ത്രവാഴക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ മൂല്യവർദ്ധിത ഉത്പന്ന നിർമാണ മേഖലയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും അതുവഴി അധിക വരുമാനം ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

supplycoonamkit

 

Content highlight
Kudumbashree products in supplyco onam kit