സാമൂഹ്യ ഉൾച്ചേർക്കലിന്റെ ഉജ്ജ്വലമാതൃകയാണ് കുടുംബശ്രീയുടെ ബഡ്സ് സ്ഥാപനങ്ങളെന്നും ഇതിന്റെ ഭാഗമായി ഈ വർഷം 100 ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ ബഡ്സ് സ്ഥാപനങ്ങളായി ഉയർത്തുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 29 എണ്ണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി 4.7 കോടി രൂപ കുടുംബശ്രീ മുഖേന ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകർ, ആയമാർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഈ വർഷം മുതൽ ആരോഗ്യ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
വഴുതക്കാട് കാർമൽ ടവറിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ മാതൃകാ ബഡ്സ് സ്ഥാപനങ്ങൾ, ബഡ്സ് സ്ഥാപനങ്ങളിലെ കൗമാരക്കാർക്കുള്ള പദ്ധതി "ചിറകുകൾ', ബഡ്സ് ജീവനക്കാരുടെ സംഗമം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്സ് സ്ഥാപനങ്ങളുടെ പരിഷ്ക്കരിച്ച മാർഗരേഖ, അവസ്ഥാ പഠന റിപ്പോർട്ട്, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഒായിൽ ആൻഡ് ഷുഗർ ബോർഡ് പോസ്റ്റർ എന്നിവയുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരേയും ഉൾക്കൊണ്ടുള്ള വികസനമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സവിശേഷമായ ഇടപെടലാണ് ബഡ്സ് സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പുവരുത്തുന്നതു കൊണ്ടാണ് കേരളം ഇന്ത്യയിൽ തന്നെ ഒന്നാമതാകുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികൾക്ക് പുനരധിവാസവും നൈപുണ്യ പരിശീലനവും ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനമൊട്ടാകെയുള്ള ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തന ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഈ വർഷം നൂറ് ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തും. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത പത്ത് ബഡ്സ് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 41 സ്ഥാപനങ്ങളെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. നിപ്മറുമായി ചേർന്ന് ഒാരോന്നിനും ആവശ്യമായ പദ്ധതി തയ്യാറാക്കി വരികയാണ്. ഈ വർഷം ജൂണിൽ 100 ബഡ്സ് സ്ഥാപനങ്ങളെയും മാതൃകാ ബഡ്സ് സ്ഥാപനങ്ങളായി ഉയർത്തുന്നതിനുളള പ്രവർത്തനങ്ങൾ ഊർജിതമാണ്.
ആദ്യഘട്ടത്തിൽ ആരംഭിച്ച എല്ലാ ബഡ്സ് സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു നൽകിയിട്ടുണ്ട്. പുതുതായി ആരംഭിക്കുന്നവയ്ക്ക് ഇതിനായി 25 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്. കൂടാതെ 30 ബഡ്സ് സ്കൂളുകൾക്ക് വാഹനം വാങ്ങുന്നതിന് 15 ലക്ഷം രൂപ വീതവും കുടുംബശ്രീ മുഖേന അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം എൻഡോസൾഫാൻ മേഖലയിലെ പത്ത് സ്ഥാപനങ്ങൾക്ക് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും കുടുംബശീ മുഖേന നൽകിയിരുന്നു. നിലവിൽ സംസ്ഥാനമൊട്ടാകെ 187 ബഡ്സ് സ്കൂളും 218 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 405 ബഡ്സ് പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി വഴി 13895 പരിശീലനാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് പിന്തുണ നൽകി വരികയാണ്. പുതുക്കിയ മാർഗരേഖ പ്രകാരം അധ്യാപകർക്കും ആയമാർക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏകീകൃക പരിശീലന മാതൃകയാകും ഇനി മുതൽ നടപ്പാക്കുക. ബഡ്സ് സ്ഥാപനങ്ങളിലെ കൗമാരക്കാർക്ക് പ്രായോഗിക അറിവും നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിന് "ചിറകുകൾ' പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
പരിഷ്ക്കരിച്ച മാർഗരേഖ പ്രകാരമുളള പ്രവർത്തനങ്ങൾ ബഡ്സ് സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ വികാസം സാധ്യമാക്കിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരണമന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.
വാർഡ് കൗൺസിലർ രാഖി രവികുമാർ, സി.ഡി.എസ് അധ്യക്ഷ വിനീത പി, ബഡ്സ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് പുഷ്പലത, സെക്രട്ടറി അംബിക, ഭിന്നശേഷി കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ മൊയ്തീൻ കുട്ടി, കൊല്ലം ഗവ.മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.മോഹൻ റോയ്, സെന്റർ ഫോർ സോഷേ്യാ എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ എൻ. അജിത് കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത് നന്ദി പറഞ്ഞു.
- 19 views



