ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കുടുംബശ്രീ വിപണനമേളകള്‍ പ്രധാന പങ്കുവഹിക്കുന്നു - എം.ബി. രാജേഷ്

Posted on Wednesday, August 23, 2023

ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ പ്രധാനമാണ് കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ നടത്തുന്ന 1085 ഓണം വിപണനമേളകളെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ഓണം വിപണനമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 22ന്‌ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാല്‍നൂറ്റാണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ കുടുംബശ്രീയിലുള്ള നേടിയെടുത്ത വിശ്വാസ്യതയാണ് ഏറ്റവും വലിയ കൈമുതലും മൂലധനവും. ആ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിപണനമേളകള്‍. ഏത് പുതിയ ചുവടുവയ്പ്പ് കേരളം നടത്തുമ്പോഴും അതില്‍ കുടുംബശ്രീയുടെ മുദ്രയുണ്ടെന്നും ആകാശമാണ് കേരളത്തിന്റെ പെണ്‍കരുത്തായ കുടുംബശ്രീയുടെ അതിരെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണനിലാവ് മേളയിലെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

  മാവേലി വന്നില്ലെങ്കിലും ഓണം നടക്കും എന്നാല്‍ കുടുംബശ്രീയില്ലെങ്കില്‍ ഓണമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളെന്നത് ചടങ്ങില്‍ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു. കേരളത്തില്‍ രൂപം കൊണ്ട് കുടുംബശ്രീ പ്രസ്ഥാനം ലോകത്തിന് ആകെ മാതൃകയാകാന്‍ കാരണം അയല്‍ക്കൂട്ടാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകരമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

  മേളയിലെ ആദ്യ വില്‍പ്പന . കുടുംബശ്രീ സംഘകൃഷി സംഘാംഗമായ ജസീറയില്‍ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ന്യായവിലയ്ക്ക് പരിശുദ്ധവും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലുമായി ഓണം വിപണനമേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

  ഗീത നസീര്‍ (കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, ജില്ലാ പഞ്ചായത്തംഗം) ആശംസ നേര്‍ന്നു. ജനപ്രതിനിധികള്‍, സി.ഡി.എസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോത്തന്‍കോട് ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് അരങ്ങേറി.

  തൈക്കാട് നടക്കുന്ന ഓണനിലാവ് മേളയില്‍ പൂക്കള്‍ മുതല്‍ സദ്യ ഒരുക്കാന്‍ പഴങ്ങളും പച്ചക്കറികളുമടക്കം കുടുംബശ്രീയുടെ എല്ലാ തനത് ഉത്പന്നങ്ങളും ലഭ്യമാക്കുന്ന സ്റ്റാളുകളുണ്ട്. 50 ഉത്പന്ന വിപണന സ്റ്റാളുകള്‍ക്ക് പുറമേ പ്രത്യേക വിപണന കൗണ്ടറുകളും ഫുഡ്‌കോര്‍ട്ടുകളുമുണ്ട്. നാളെ മുതല്‍ എല്ലാദിവസവും വൈകുന്നേരം 5ന് കലാപരിപാടിളും നടക്കും.

 

minister onanilav

 

Content highlight
Kudumbashree market fairs play an important role in controlling price hike during Onam : LSGD Minister M.B. Rajeshml