ഉച്ചഭക്ഷണം അരികിലെത്തിക്കാന്‍ കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

Posted on Wednesday, February 28, 2024

വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവര്‍ക്കു മുന്നില്‍ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും.  ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ളിക് ഓഫീസ്പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍,  മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഉച്ചയൂണിന് ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭ്യമാകും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്‍റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
 
പദ്ധതിക്കായി ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി  പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.  സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.  

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം ഇതിനകം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്‍റെ പ്രവര്‍ത്തനവും  ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
 

Content highlight
kudumbashree to launch Lunch Bell