കുടുംബശ്രീ കേരള ചിക്കന്‍: ഉല്‍പാദനം 25 ശതമാനമാക്കി ഉയര്‍ത്തും- തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Tuesday, April 15, 2025

കേരള ചിക്കന്‍ പദ്ധതി വഴി ചിക്കന്‍റെ ഉല്‍പാദനം 25 ശതമാനമായി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കഠിനംകുളത്ത് സ്ഥാപിച്ച പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്ന ചിക്കന്‍റെ എട്ടു ശതമാനമാണ് കേരള ചിക്കന്‍ പദ്ധതി വഴി ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105.63 കോടി രൂപയുടെ വിറ്റുവരവ് നേടിയ കേരള ചിക്കന്‍ പദ്ധതി വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലാണ്. പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ആസൂത്രണ പരിപാടികള്‍ നടന്നുവരികയാണ്. കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ടു മാസം കൂടുമ്പോള്‍ ശരാശരി 50,000 രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താവിന് പ്രതിമാസം 89,000 രൂപയുമാണ് വരുമാനമായി ലഭിക്കുന്നത്. പദ്ധതി വഴി ആയിരം പേര്‍ക്ക് പ്രത്യക്ഷമായും 500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആനയറ വേള്‍ഡ് മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്ന കുടുംബശ്രീയുടെ മിനി പൗള്‍ട്രി പ്രോസസിങ്ങ് യൂണിറ്റിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കഠിനംകുളം ചാന്നാങ്കരയില്‍ നാലര ഏക്കറിലായാണ് പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 500 കോഴികളെ സംസ്ക്കരിച്ച് ഇറച്ചിയാക്കാന്‍ ശേഷിയുള്ളതാണ് പ്ളാന്‍റ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് പ്ളാന്‍റിലുള്ളത്.  ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് പൗള്‍ട്രി പ്രോസസിങ്ങ് ലൈനില്‍ ഓവര്‍ ഹെഡ് റെയില്‍ സിസ്റ്റത്തിന്‍റെ സഹായത്തോടെയാണ് സംസ്ക്കരണവും മറ്റു പ്രവര്‍ത്തനങ്ങളും. കോഴിയിറച്ചി ശീതീകരിച്ച് സൂക്ഷിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ് സൗകര്യവും പ്ളാന്‍റിലുണ്ട്. നിലവില്‍  മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുമായിസഹകരിച്ച് 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.


 കഠിംകുളത്തെ പ്ളാന്‍റിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും സജ്ജമാകുന്നതോടെ മെയ് ആദ്യവാരം മുതല്‍ സംസ്ക്കരിച്ചു ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ആവശ്യാനുസരണം വിപണിയിലെത്തിക്കാന്‍ കഴിയും. ആനയറയിലെ മിനി പ്രോസസിങ്ങ് യൂണിറ്റില്‍ നിന്നും ബിരിയാണി കട്ട്, കറി കട്ട്, അല്‍ഫാം കട്ട് എന്നിങ്ങനെ ചില്‍ഡ് ചിക്കന്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാകും.

കോഴിയിറച്ചി കൊണ്ട് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ' മീറ്റ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ മൊബൈല്‍ വില്‍പനശാലയും ആരംഭിക്കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കേരള ചിക്കന്‍ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.റാണാ രാജ് വി.ആര്‍, പ്രോജക്ട് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അനന്തു മാത്യുജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
 

Content highlight
kudumbashree kerala chicken