കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിളക്കമേകി സര്‍ക്കാര്‍ ഉത്തരവ്; എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും

Posted on Monday, January 23, 2023
രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകര്‍ന്ന് സര്‍ക്കാരിന്‍റെ പിന്തുണ. കുടുംബശ്രീ ഇരുപത്തിഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഇനി വരും വര്‍ഷങ്ങളില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ) നം.139/2023/ത.സ്വ.ഭ.വ തീതി തിരുവനന്തപുരം 17-1-2023) പുറപ്പെടുവിച്ചു. കുടുംബശ്രീയുടെ സ്ഥാപകദിനമാണ് മെയ് 17.

കേവല ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ട് 1998ല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീ 2023 മെയ് 17ന് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുന്നതിനായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡറക്ടര്‍ 8-12-2022ല്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പരിഗണിച്ചാണ് പുതിയ പ്രഖ്യാപനം.    

രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങങ്ങളിലും സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം. വൈവിധ്യമാര്‍ന്ന പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകള്‍ ഒരേ സമയം പങ്കെടുക്കുന്ന അയല്‍ക്കൂട്ട സംഗമം സ്ത്രീകൂട്ടായ്മയുടെ കരുത്തുറ്റ ചുവട് വയ്പ്പായി  മാറ്റുന്നതിനുള്ള മുന്നൊരുക്കത്തിലാണ് കുടുംബശ്രീ.  
Content highlight
kudumbashree day