കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം കാസര്‍ഗോഡിന് സ്വന്തം. പുരുഷ വിഭാഗം ഫൈനലില്‍ ആതിഥേയരായ വയനാടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും വനിതാ വിഭാഗത്തില്‍ മലപ്പുറത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും മറികടന്നു കാസര്‍ഗോഡിന്റെ ചുണക്കുട്ടികള്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡിന് വേണ്ടി ആറാം മിനിറ്റില്‍ അനില്‍കുമാര്‍ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 24ാം മിനിറ്റില്‍ വിഷ്ണുവും 44ാം മിനിറ്റില്‍ അനില്‍കുമാര്‍ ഒരിക്കല്‍ക്കൂടിയും വലകുലുക്കി. രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈമില്‍ (60+4) സഞ്ജു ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
വനിതാ വിഭാഗത്തില്‍ 40, 60 മിനിറ്റുകളിലെ ഇരട്ട പ്രഹരത്തോടെ നയനയാണ് കാസര്‍ഗോഡിനെ വിജയതീരമണച്ചത്. മലപ്പുറത്തിനായി സുവര്‍ണ്ണ. പി ലക്ഷ്യം കണ്ടു.
പുരുഷ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ മലപ്പുറം അട്ടപ്പാടിയെ കീഴടക്കി മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വയനാടിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ എതിരില്ലാത്ത എട്ട് ഗോളിന് അവര്‍ അട്ടപ്പാടിയെ തകര്‍ത്തു. നാല് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയ ശാരിയാണ് വയനാടിന്റെ വിജയശില്‍പ്പി.
തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായി ഇതാദ്യമായി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളുമാണ് മത്സരിച്ചത്. വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27നായിരുന്നു ലീഗിന്റെ കിക്കോഫ്.
- 17 views



