ആലപ്പുഴയിലെ പ്രളയബാധിതര്‍ക്കായുള്ള 121 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

Posted on Wednesday, February 12, 2020

പ്രളയബാധിതര്‍ക്കായി റാമോജി ഫിലിം സിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 121 വീടുകളുടെ ഔദ്യോഗിക താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഫെബ്രുവരി 9ന് ക്യാമലോട്ട്് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ നിര്‍മ്മിച്ച ഈ വീടുകളുടെ താക്കോല്‍ദാനം നടന്നത്.  

  2018ല്‍ കേരളം നേരിട്ട പ്രളയ ദുരിതത്തില്‍ ഏറെ കെടുതികള്‍ സംഭവിച്ച ജില്ലയാണ് ആലപ്പുഴ. പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ രാമോജി ഫിലിം സിറ്റി മുന്നോട്ടുവന്നിരുന്നു. ആലപ്പുഴയിലെ മുന്‍ സബ് കളക്ടറായിരുന്ന ശ്രീ കൃഷ്ണതേജ ഐഎഎസ് മുന്‍കൈയെടുത്തു നടപ്പിലാക്കിയ 'ഐ ആം ഫോര്‍ ആലപ്പി' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ പിന്തുണ ലഭിച്ചത്. 116 വീടുകള്‍ നിര്‍മ്മിക്കാന്‍ 7 കോടി രൂപയാണ് രാമോജി ഫിലിം സിറ്റി കേരള സര്‍ക്കാരിന് വാഗ്ദ്വാനം ചെയ്തത്. ഈ വീടുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിക്കാമെന്നും നിര്‍മ്മാണ ചുമതല കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളെ ഏല്‍പ്പിക്കാമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ മാസത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും രാമോജി ഫിലിം സിറ്റി അധികൃതരുമായി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു.

116 വീടുകള്‍ 7 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു കരാര്‍. ഒരു വീടിന് 6 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ ചെലവ് കുറച്ച് ലാഭിച്ച തുക കൊണ്ട് 5 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. കരാറില്‍ പറയുന്ന കാലയളവിന് മുന്‍പ് തന്നെ എട്ട് മാസത്തിനുള്ളില്‍ ആകെ 121 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 43 നിര്‍മ്മാണ സംഘങ്ങള്‍ ഇതില്‍ പങ്കെടുത്തു.

  പ്രളയത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് ആശ്വാസമായി വീടുകള്‍ ലഭിക്കുന്നു എന്നതിന് പുറമേ കുടുംബശ്രീയുടെ കരുത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്നതാണ് പ്രത്യേകത. കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളുടെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി ഈ പ്രവര്‍ത്തനം മാറിക്കഴിഞ്ഞിരിക്കുകയാണ്.

 

 

Content highlight
കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.