കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നബാര്‍ഡും ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Wednesday, February 12, 2020

*ധാരണാപത്രം ഒപ്പുവച്ചു

കുടുംബശ്രീയുടെ  3000 കൃഷി സംഘങ്ങള്‍ക്ക് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും കുടുംബശ്രീയും ഒരുമിക്കുന്നു.  കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുമാണിത്. കുടുംബശ്രീ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ. സുരേഷ് കുമാര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ ജി. വിമല്‍ കുമാര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ത്രികക്ഷി കരാര്‍ ഒപ്പു വച്ചു.

കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്ന പുതിയ തീരുമാനം കൈക്കൊണ്ടത്. കൃഷി ഇടങ്ങളുടെ വലിപ്പക്കുറവു മൂലം ലാഭകരമായി കൃഷി നടത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൂട്ടു കൃഷി നടത്താനും അതിനായി പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിനും സാധിക്കും. നിലവില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷക സംഘങ്ങള്‍ക്കും പാട്ടക്കരാര്‍ സമര്‍പ്പിക്കാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനും അവസരമൊരുങ്ങും. ബാങ്ക് ഓഫ് ഇന്ത്യയാണ് കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നല്‍കുക. ഇങ്ങനെ വായ്പ ലഭിക്കുന്ന ഗ്രൂപ്പുകളുടെ കൃത്യമായ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍  ഒരു ഗ്രൂപ്പിന് 2000 രൂപ വീതം നബാര്‍ഡ് കുടുംബശ്രീക്ക് പ്രമോഷണല്‍ ഇന്‍സെന്റീവും നല്‍കും.

നിലവിലെ കൃഷി കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുക, കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുക, സംയോജിത കാര്‍ഷിക രീതികള്‍ അവലംബിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക,  ആധുനിക കൃഷി ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പ ലഭ്യമാകുന്നതോടെ കര്‍ഷക സംഘങ്ങള്‍ക്ക് സാധിക്കും. അര്‍ഹതയുള്ള കര്‍ഷക സംഘങ്ങളെ കണ്ടെത്തേണ്ടത് അതത് ജില്ലാമിഷനുകളാണ്. ഇതിനായി ജില്ലാമിഷന്‍ അധികൃതരും ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലാ പ്രതിനിധികളും യോജിച്ചു പ്രവര്‍ത്തിക്കും.   

സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗമൊരുക്കാന്‍ കര്‍ഷക സംഘ മാതൃകകള്‍ രൂപീകരിച്ചു വലിയ തോതില്‍ കൃഷി ചെയ്യുന്ന രീതിയാണ് കുടുംബശ്രീയുടേത്. ഇത് തികച്ചും അനുയോജ്യവും പ്രയോജനകരമാണെന്നുമാണ് നബാര്‍ഡിന്റെ വിലയിരുത്തല്‍. കര്‍ഷക സംഘങ്ങള്‍ക്കും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ആവശ്യമായ കാര്‍ഷിക സാങ്കേതിക പരിശീലനങ്ങള്‍ നബാര്‍ഡ് ലഭ്യമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ നടത്തിപ്പും പ്രവര്‍ത്തന പുരോഗതിയും വിലയിരുത്താനായി പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയും രൂപീകരിക്കും. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഏരിയാ മാനേജര്‍, അതത് ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍, കുടുംബശ്രീയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ കമ്മിറ്റി.

കുടുംബശ്രീയുടെ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടു വരുന്നത് ഇതു മൂന്നാം തവണയാണ്. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പ്രധാന മന്ത്രി ആവാസ് യോജന, കേരള ചിക്കന്‍ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ആവശ്യമായ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീയുമായി സഹകരിച്ചിട്ടുണ്ട്.  ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മഹേഷ് കുമാര്‍, ചീഫ് മാനേജര്‍ പി. പരമേശ്വര അയ്യര്‍, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, നബാര്‍ഡ് മാനേജര്‍ വി. രാകേഷ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഐശ്വര്യ ഇ.എ, ആര്യ എസ്.ബി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു