'വിദ്യാശ്രീ' പദ്ധതി: ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടന്നു

Posted on Monday, February 22, 2021

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേര്‍ക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയില്‍ 15 കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോള്‍ ലാപ്ടോപ് വാങ്ങാന്‍ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാല്‍ തന്നെ ലാപ്ടോപ് നല്‍കുകയും പരമാവധി ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് 7000 രൂപയ്ക്ക് ലോപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോര്‍ട്ടലില്‍  ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍  1,23,005 പേരാണ് ലാപ്ടോപ് വാങ്ങാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. 17343 പേര്‍ ലാപ്ടോപ്പിന്‍റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. 

വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അര്‍ഹരായവര്‍ക്ക് പിന്നാക്ക-മുന്നോക്ക കോര്‍പ്പറേഷനുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും സബ്സിഡി നല്‍കാനാവും. ടെന്‍ഡറില്‍ പങ്കെടുത്ത സാങ്കേതികമേന്‍മ പുലര്‍ത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനല്‍ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ലാപ്ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും പറഞ്ഞ മുഖ്യമന്ത്രി ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കിക്കൊണ്ട് വിജ്ഞാന വ്യാപനത്തിനും കേരളത്തിന്‍റെ  ക്ഷേമപാരമ്പര്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നതാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്ന്                  ധനകാര്യവകുപ്പു മന്ത്രി ഡോ.ടി.എം തോമസ് ഐസക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍റര്‍നെറ്റും ലാപ്ടോപ്പും ഉപയോഗിച്ചു കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ സ്കൂളുകളിലെ അധ്യയനരീതി യ്ക്ക് പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഭരണരംഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സില്‍ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വികസന പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയെയും കുടുംബശ്രീയെയും ഉപയോഗിക്കുന്നതിലൂടെ കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 
ആധുനിക സാങ്കേതിക വിദ്യയും ജനകീയതയും ഒരുമിക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്ളവമാണ് കാഴ്ചവയ്ക്കുന്നതെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. 


കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.  നൂറുശതമാനം തിരിച്ചടവ് ഉറപ്പു വരുത്താന്‍ കുടുംബശ്രീക്ക് കൃത്യമായ സംവിധാനമുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, എ.സി.മൊയ്തീന്‍, വി.കെപ്രശാന്ത് എം.എല്‍.എ, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം 13 ജില്ലകളിലും വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത് ലാപ്ടോപ് വിതരണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള ഇന്‍ഫ്രാ സ്ച്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനാണ് (കൈറ്റ്സ്) ലാപ്ടോപ്പിന്‍റെ സ്പെസിഫിക്കേഷന്‍ ലഭ്യമാക്കിയത്. ഐ.ടി മിഷന്‍റെ നേതൃത്വത്തിലായിരുന്നു ടെന്‍ഡര്‍ നടപടികള്‍. 

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഐ.ടി മിഷന്‍ സെക്രട്ടറി മുഹമ്മദ്.വൈ.സഫീറുള്ള,  കൊകോണിക്സ് കമ്പനിയുടെ പ്രതിനിധി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ഷമീന എന്നിവര്‍ പങ്കെടുത്തു. 

Content highlight
കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.