തിരുവനന്തപുരം: തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത കുടുംബശ്രീ ഉല്പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന് എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു.
വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ കുടുംബശ്രീ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംയോജനം സാധ്യമാകുന്നത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്പാദിപ്പിക്കുന്ന നൂറ്റിപ്പത്തോളം വ്യത്യസ്ത ഉല്പന്നങ്ങളാണ് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറായിട്ടുള്ളത്. കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്പന്നങ്ങള്, കരകൗശല വസ്തുക്കള്‍ തുടങ്ങി തിരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്പനയ്ക്ക് എത്തിക്കുന്നത്. കുടുംബശ്രീ ഉല്പന്നങ്ങള് ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്ററിലാണ് ഉല്പന്നങ്ങള് സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് കുടുംബശ്രീ ഉല്പന്നങ്ങള് പായ്ക്കു ചെയ്യുകയും ആമസോണ്‍വിതരണ സംവിധാനം ഉപയോഗിച്ച് ഈ ഉല്പന്നങ്ങള് ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്പന്നങ്ങള് ഓണ്‍ലൈന്‍ വ്യാപാരത്തിനു തയ്യാറാക്കും.
കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്
കുടുംബശ്രീ സംരംഭകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. കുടുംബശ്രീ ഉല്പന്നങ്ങളെ എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളെ എല്ലായ്പ്പോഴും ആകര്‍ഷിക്കാന്‍ കഴിയും വിധം കുടുംബശ്രീ ഉല്പന്നങ്ങളുടെ ഗുണനിലവാരം ആധുനികവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യയുപയോഗിച്ച് സംരംഭകര്‍ ഉറപ്പു വരുത്തണം. സിവില്‍ സപ്ളൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ സ്ഥാപനങ്ങളുമായും കൂടാതെ സഹകരണ മേഖലകളിലെ വിപണന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതിനും കുടുംബശ്രീ മുന്‍കൈയെടുക്കും. ആമസോണുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇത്തരം പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുടുംബശ്രീ ഉല്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുമെന്നും പണച്ചെലവില്ലാതെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ആമസോണ്‍ ഡയറക്ടര്‍ പ്രണവ് ഭാസിന് പറഞ്ഞു. സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിനാവശ്യമായ പരിശീലനങ്ങളും പ്രോത്സാഹനവും നല്കി ശാക്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സംരംഭകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ ഉല്പന്നങ്ങളുടെ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് നിയമങ്ങളും ജി.എസ്.ടിയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ആമസോണ്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ദീപക്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്റ് പ്രൊഫ. ഡോ. തോമസ് ജോസഫ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഓണ്‍ലൈന്‍ വിപണന രംഗത്ത് വിജയം കൈവരിച്ച സംരംഭക ക്രിസ്റ്റി ട്രീസാ ജോര്‍ജ് സംരംഭകരുമായി ആശയ വിനിമയം നടത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ കൃതജ്ഞത പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാല, പവിത്ര, ആമസോണ്‍ സഹേലി പ്രതിനിധി സജേഷ്, ജില്ലാമിഷന് പ്രതിനിധികള്‍, ജില്ലകളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.
- 231 views