തിരുവനന്തപുരം: കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2021 മാര്‍ച്ചിനുള്ളില്‍ നഗരങ്ങളിലെ 7000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐയുടെ ഭവന വായ്പാ വിഭാഗമായ ഐസിഐസിഐ എച്ച്എഫ്സിയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ഐസിഐസിഐ-എച്ച്എഫ്സി ബിസിനസ് വിഭാഗം ദേശീയമേധാവി (ഡിസ്ട്രിബ്യൂ ഷന്) കയോമര്‍സ് ധോത്തീവാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുമായി സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെ ത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്കി കഴിഞ്ഞു. പിഎംഎവൈയുടെ (നഗരം)- ലൈഫ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം). ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.
കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന്വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോഗ്യ മായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്കീം അനുസരിച്ച് 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം, താഴ്ന്ന വരുമാന വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭിക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് 12 ലക്ഷം വരെ വായ്പാ തുകയ്ക്ക് ലഭിക്കുന്ന പലിശ സബ്സിഡി 3 ശതമാനവും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്.
കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, മുനിസി പ്പല്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റ് കെ. കുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഐസിഐസിഐ എച്ച്എഫ്സി സോണല്‍ ബിസിനസ് മാനേജര്‍ സൂസന് മാത്യു, റീജിയണല്‍ മാനേജര്‍ ദീപു ജോസ്, ഐസിഐസിഐ റീജിയണല്‍ മേധാവി എ.എസ്. അജീഷ്, ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- 281 views