ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടി അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുക, അതോടൊപ്പം സംരംഭകത്വ വികസനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലെ ആര്‍സെറ്റി(റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)യുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റുഡ്‌സെറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സൂക്ഷ്മ സംരംഭങ്ങളുടെ ചുമതല വഹിക്കുന്ന അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ലീഡ് ബാങ്ക് മാനേജര്‍മാര്‍, സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ആര്‍സെറ്റിയുടെ നോഡല്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. ആര്‍സെറ്റി നാഷണല്‍ ഡയറക്ടര്‍ സി.ടി സന്തോഷ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീലന പദ്ധതികളുണ്ട്. ഉല്‍പാദന സേവന മേഖലകളിലടക്കം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും പ്രചോദനവും നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സഹായിക്കുക എന്നതാണ് ആര്‍സെറ്റികള്‍ വഴി നല്‍കുന്ന മുഖ്യ സേവനം. ഓരോ മേഖലയിലും മികച്ച അക്കാദമിക് വിദഗ്ധരും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതാണ് ആര്‍സെറ്റിയുടെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍. ഇതു പ്രകാരം ജില്ലകളിലെ ആര്‍സെറ്റികള്‍ വഴി കുടുംബശ്രീയുടെ കീഴിലുള്ള ഉല്‍പാദന സേവന മേഖലകളെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം കൂടുതല്‍ വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി പുതിയ സംരംഭകരെ കൊണ്ടുവരുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ഹരികിഷോര്‍ അറിയിച്ചു. കൂടാതെ നിലവിലുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡിങ്ങ്, പ്‌ളാസ്റ്റിക് ഷ്രെഡ്ഡിങ്ങ് എന്നീ മേഖലകളില്‍ നിന്നും സംരംഭര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധം അവയുടെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആര്‍സെറ്റിയുമായി ചേര്‍ന്ന് നടപ്പാക്കും. അതോടൊപ്പം കുടുംബശ്രീയുടെ മുഖ്യ പരിശീലക ഏജന്‍സിയായി ആര്‍സെറ്റിയെ ഉള്‍പ്പെടുത്തുന്ന കാര്യവും മുഖ്യ പരിഗണനയിലാണെന്നും എസ്.ഹരികിഷോര്‍ വ്യക്തമാക്കി.
നിലവില്‍ ആര്‍സെറ്റികള്‍ വഴി പരിശീലനം നേടിയവും കുടുംബശ്രീയുടെ കീഴില്‍ വന്നിട്ടില്ലാത്തവരുമായ സംരംഭകരെയും കുടുംബശ്രീയുടെ കീഴില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനങ്ങളും ലഭ്യമാക്കുന്നതിനും പരിപാടിയുണ്ട്. ഇതു കൂടാതെ ആര്‍സെറ്റിയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കര്‍മപദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴില്‍ പരിശീലന പദ്ധതികളും ഉള്‍പ്പെടുത്തും.
നിലവില്‍ കാര്‍ഷിക മേഖലയില്‍ തേനീച്ച വളര്‍ത്തല്‍, പൂക്കൃഷി, പൂന്തോട്ട നിര്‍മാണം, പാലും പാലുല്‍പന്നങ്ങളുടെയും ഉല്‍പാദനം, കോഴി വളര്‍ത്തല്‍ എന്നിവയിലും കൂടാതെ മോട്ടോര്‍ റീവൈന്‍ഡിങ്ങ്, റേഡിയോ ടി.വി റിപ്പയറിങ്ങ്, ഇറിഗേഷന്‍ പമ്പ് സെറ്റ് റിപ്പയറിങ്ങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയറിങ്ങ്, ട്രാക്ടര്‍ ആന്‍ഡ് പവര്‍ ട്രില്ലര്‍ റിപ്പയറിങ്ങ് സ്‌ക്രീന്‍ പ്രിന്റിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഡി.ടി.പി തുടങ്ങിയ മേഖലകളിലും ആര്‍സെറ്റി മുഖേന നൈപുണ്യ പരിശീലനം നല്‍കുന്നു. കുടുംബശ്രീ വനിതകള്‍ക്കും ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കും ഈ മേഖലകളില്‍ പരിശീലനം ലഭ്യമാക്കുന്നതോടെ സംരംഭമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാകും.
എസ്.എല്‍.ബി.സി അസി.ജനറല്‍ മാനേജര്‍ രവീന്ദ്രനാഥ് സി, നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ പിച്ചൈയ്യാ റായ്പുരി, സീനിയര്‍ ഫാക്കല്‍റ്റി ശ്രീനിവാസ റാവു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍സെറ്റി സ്റ്റേറ്റ് ഡയറക്ടര്‍ കെ.ആര്‍ ജയപ്രകാശ് സ്വാഗതവും നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ സണ്ണി ഫിലിപ്പ് നന്ദിയും പറഞ്ഞു.
- 245 views