രോഗീ പരിചരണ മേഖലയിൽ കെയർ ഗിവർമാരാകാൻ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം

Posted on Thursday, November 6, 2025

പാലിയേറ്റീവ് കെയർ രംഗത്ത് കെയർ ഗിവർമാരാകാൻ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം. ഇതിന്റെ ഭാഗമായി ഒാരോ ബ്ളോക്കിൽ നിന്നും തിരഞ്ഞെടുത്ത 50 വനിതകൾക്ക് ആറ് ദിവസത്തെ പരിശീലനം നൽകും. 18-60 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയുമുള്ള കുടുംബശ്രീ അംഗങ്ങൾ, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കാണ് അവസരം. പരിശീലനത്തിന് ശേഷം ഇവർക്ക് കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ കെയർ ഗിവർമാരായി രജിസ്റ്റർ ചെയ്യാം. രോഗീ പരിചരണത്തിന് വലിയ തുക നൽകാൻ കഴിവില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് മിതമായ വേതനം നൽകി ഇവരുടെ സേവനം ലഭ്യമാക്കാനാകും.

രോഗീപരിചരണത്തിന് വിദഗ്ധ പരിശീലനം ലഭിച്ചവരുടെ ആവശ്യകത വർധിച്ചു വരുന്ന സാഹചര്യത്തിലാണ്  കുടുംബശ്രീ അംഗങ്ങൾക്ക് കെയർ ഗിവർമാരാകാൻ പരിശീലനം നൽകുന്നത്. വിവിധ ഘട്ടങ്ങളിലായി പ്രമുഖ സ്ഥാപനങ്ങൾ വഴി 7600 പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അതത് സി.ഡി.എസുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാം.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏകദേശം രണ്ടു ലക്ഷം കിടപ്പു രോഗികളുണ്ട്. ഈ രംഗത്ത് പരിശീലനം നേടിയവരെ ഒാരോ സി.ഡി.എസിലും കെയർ ഗിവർമാരായി വിന്യസിക്കുന്നതോടെ പാലിയേറ്റീവ് കെയർ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.   

Content highlight
k4care