'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം

Posted on Wednesday, August 18, 2021


ഈ ഓണക്കാലത്ത് അയല്‍ക്കാര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ തുണയാകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ 'എന്നോണം, നിന്നോണം, ഏവര്‍ക്കും പൊന്നോണം' ക്യാമ്പെയ്ന് തുടക്കം. രണ്ട് വര്‍ഷങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ അയല്‍ക്കാരെയും കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ബാധിച്ചിട്ടുണ്ട്. ഈ ക്യാമ്പെയ്നിലൂടെ ഇവര്‍ക്കെല്ലാം പ്രതീക്ഷയും കരുതലും സാന്ത്വനവുമേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തും.
 
  2018ലെയും 2019ലെയും പ്രളയകാലത്ത് അവിസ്മരണീയ ഇടപെടലുകളാണ് അയല്‍ക്കൂട്ടാംഗങ്ങള്‍ നടത്തിയത്. സ്വന്തം വീടുകളില്‍ താമസ സൗകര്യം ഒരുക്കിയേകിയും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ ചെറുസമ്പാദ്യം ചേര്‍ത്ത് 11.18 കോടി രൂപ സംഭാവനയായി നല്‍കിയതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പ്രധാനം. കോവിഡ് ബാധയെത്തുടര്‍ന്ന് കേരളം ലോക്ഡൗണിലേക്ക് നീങ്ങിയ കാലയളവ് മുതല്‍ ബോധവത്ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍. കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ്, മാസ്‌ക് - സാനിറ്റൈസര്‍ നിര്‍മ്മാണം, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്കും അഗതികള്‍ക്കും പ്രത്യേകം കരുതലേകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

campignonm



  ക്യാമ്പെയ്‌ന്റെ ഭാഗമായി ഓണക്കാലത്ത് അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്യാം. ്#എന്നോണംനിന്നോണംഏവര്‍ക്കുംപൊന്നോണം, #ennonamninnonamevarkkumponnonam എന്നീ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്താം.

Content highlight
Ennonam Ninnonam Evarkkum Ponnonam' Campaign startsml