കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വം: ഡോ.ടി.എന്‍.സീമ

Posted on Wednesday, December 5, 2018

തിരുവനന്തപുരം: കുടുംബശ്രീ  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഡോ.ടി.എന്‍.സീമ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിശീലന പരിപാടി കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സാമൂഹികവും മാനസികവും ബൗദ്ധികവുമായ കരുത്താണ് സ്ത്രീ മുന്നേറ്റത്തിന് അനിവാര്യം. അതിന് മികച്ച മാനസികാരോഗ്യം കൈവരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ്. കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാകും. സമൂഹനിര്‍മിതിയുടെ ഭാഗമായി സ്ത്രീയായതു കൊണ്ടു മാത്രം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ പോലും ന്യായീകരിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുന്നത് വളരെ നാളുകളായി അവര്‍ അടിച്ചമര്‍ത്തി വച്ചിട്ടുള്ള പല വിഷയങ്ങളുമാണ്. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ തങ്ങളെ തേടി വരുന്നതു കാത്തു നില്‍ക്കാതെ നമ്മള്‍ അവരിലേക്കെത്തണം. സ്കൂള്‍, വീട്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കു വയ്ക്കാന്‍ കഴിയുന്ന ഇടങ്ങളായി മാറണം. ടി.എന്‍.സീമ പറഞ്ഞു.

അയല്‍ക്കൂട്ട കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി കൗണ്‍സിലിങ്ങ് വഴി മാനസികാരോഗ്യവും സന്തോഷവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്നേഹിതയുടെ ഭാഗമായി കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചായത്ത്തലത്തില്‍ മൂന്നൂറ്റി നാല്‍പ്പത്തിയേഴ് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളും എഴുപത്തിരണ്ട് ബ്ളോക്ക് ലെവല്‍ കൗണ്‍സലിങ്ങ് സെന്‍ററുകളും വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴായിരത്തിലേറെ വിജിലന്‍റ് ഗ്രൂപ്പുകളും ഇന്ന് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ട വനിതകള്‍ക്ക് അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും കൈകാര്യം ചെയ്യുന്നതിനും തരണം  ചെയ്യുന്നതിനും വ്യക്തിത്വ വികാസത്തിനും വേണ്ടിയുളള സംവിധാനങ്ങളാണ് ഇതെല്ലാം. ഇതിനോടൊപ്പം മികച്ച അക്കാദമിക് നിലവാരത്തില്‍ പരിശീലനം ലഭിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം കൂടി ലഭ്യമാകുന്നതോടെ കുടുംബശ്രീ വനിതകള്‍ക്ക് സമൂഹത്തില്‍ ഏറെ മുന്നേറാന്‍ കഴിയും. സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീപുരുഷ സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന അഞ്ചു ദിവസത്തെ കൗണ്‍സിലിങ്ങ് പരിശീലന പരിപാടി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുമെന്നും ടി.എന്‍.സീമ പറഞ്ഞു.

അക്കാദമിക് സമൂഹത്തിന് പൊതു സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി നടത്തുന്ന പരിശീലന പരിപാടിയിലൂടെ  ഇതു മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. ജസീര്‍ .ജെ പറഞ്ഞു.ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് .കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദിയും പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Dr. T.N. Seema inagurates

കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി സംസ്ഥാനത്ത് കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഇവരുടെ മാനസികാരോഗ്യവും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിയും   ലഭ്യമാക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  നിലവില്‍ അതിക്രമങ്ങള്‍ക്കിരയായി കുടുംബശ്രീ 'സ്നേഹിത'യില്‍ എത്തുന്നവര്‍ക്കാവശ്യമായ കൗണ്‍സിലിങ്ങ്, കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്നു കൊണ്ടും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ഫാമിലി കൗണ്‍ലിങ്ങും കുടുംബപ്രശ്നങ്ങള്‍ കാരണം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, പരീക്ഷയെ കുറിച്ചുള്ള ഭയം കാരണം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നു. സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതികള്‍ നേരിട്ട് കിടപ്പാടവും ഉപജീവനമാര്‍ഗവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന 32000 പേര്‍ക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.

 

Content highlight
എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.