ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും: ഡി.ഡി.യു.ജി.കെ.വൈ രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം

Posted on Thursday, January 8, 2026

കുടുംബശ്രീ മുഖേന ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനവും തൊഴിലും നൽകുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)2.0 രണ്ടാം ഘട്ട പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. 18-35നും ഇടയിൽ പ്രായമുളള യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നൽകി യുവതലമുറയെ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരി മൂന്നാം വാരത്തോടെ പരിശീലന പരിപാടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികവർഗമേഖലയിലുളളവർ എന്നിവർക്ക് 45 വയസു വരെയും കോഴ്സിൽ ചേരാനാകും. ആദ്യഘട്ട ഡി.ഡി.യു.ജി.കെവൈ 1.0 പദ്ധതി നിർവഹണത്തിലെ മികവാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടിയതിന് പിന്നിൽ.

പത്താം ക്ളാസ് മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വിവിധ മേഖലകളിലായി അനുയോജ്യമായ ഇരുപത്തഞ്ചോളം കോഴ്സുകളിൽ സൗജന്യമായി നൈപുണ്യ പരിശീലനം നേടാനാകും.  ഉദേ്യാഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകൾ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്റ് സപ്പോർട്ടും ലഭിക്കും. ഇക്കാലയളവിൽ കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും.

നിലവിൽ എ.ഐ ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഒാപ്പറേറ്റർ, ഹോട്ടൽ മാനേജ്മെന്റ്, മെഷീൻ ഒാപ്പറേറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്ങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഒാട്ടോമോട്ടീവ്, ഹെൽത്ത് കെയർ, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ മൂന്നു മുതൽ ഒമ്പത് മാസം വരെ ദൈർഘ്യമുളള കോഴ്സുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. പദ്ധതിയുടെ ഭാഗമായി 23-ലേറെ മികച്ച പരിശീലക ഏജൻസികൾ കുടുംബശ്രീയുമായി സഹകരിക്കും. പരിശീലന പരിപാടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂർ(0487-2962517), കോഴിക്കോട് (0495-2766160) കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസുകൾ വഴിയും പരിശീലനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.  

പദ്ധതിയുടെ ആദ്യഘട്ടത്തിൽ  ഉന്നതി, യുവകേരളം പദ്ധതികളിലൂടെ കേരളത്തിൽ ഒരു ലക്ഷം ഉദേ്യാഗാർത്ഥികൾക്ക് പരിശീലനം നൽകാനും 80000 പേർക്ക് ജോലി ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു.  
 

Content highlight
ddugky 2.0 starts