രണ്ടു ദിവസം കൊണ്ട് ഒരു ലക്ഷം രൂപയിലധികം വിറ്റുവരവ്:വന്‍വിജയമായി കുടുംബശ്രീ 'ഗോത്രപ്പെരുമ-2019'

Posted on Friday, November 29, 2019

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നവംബര്‍ 20, 21 നിയമസഭാ മന്ദിരത്തിലെ 5- ഡി ഹാളിന് സമീപം സംഘടിപ്പിച്ച പരമ്പരാഗത ആദിവാസി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള 'ഗോത്രപ്പെരുമ-2019' വിജയകരമായി സമാപിച്ചു. ഇതാദ്യമായി നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച മേളയിലൂടെ ഒരു ലക്ഷം രൂപയിലേറെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞതും ഏറെ ശ്രദ്ധേയമായി. തനിമയും പരിശുദ്ധിയുമുള്ള ബ്രാന്‍ഡ് ചെയ്ത ആദിവാസി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ നിയമസഭാ സാമാജികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മേള വഴി അവസരമൊരുങ്ങി. കൂടാതെ സംരംഭകരില്‍  ആത്മവിശ്വാസം വളര്‍ത്തുന്നതിനും മേള സഹായകമായി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ.് സുനില്‍ കുമാര്‍,  എം.എല്‍.എമാരായ പി.ടി.എ. റഹിം, വി. അബ്ദുറഹ്മാന്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ മേള സന്ദര്‍ശിച്ചു. അട്ടപ്പാടി 'ഹില്‍ വാല്യൂ' ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളെ കുറിച്ച് തയ്യാറാക്കിയ ബ്രോഷര്‍ മന്ത്രി എ.സി മൊയ്തീന്‍ വിപണനത്തിനായി എത്തിയ പാരാ പ്രഫഷണല്‍മാരായ മുരുഗി, തങ്കമണി, കൂടാതെ കര്‍ഷകരായ രാധ, ഭാസ്‌ക്കരന്‍ കാണി എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ഇടുക്കി ജില്ലയില്‍ നിന്നും എത്തിച്ച ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളില്‍ ഔഷധഗുണമുള്ള കൂവപ്പൊടി, ചെറുതേന്‍ കൂടാതെ കുടംപുളി എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. പാലക്കാട് അട്ടപ്പാടിയില്‍ നിന്നെത്തിയ ഉല്‍പന്നങ്ങളില്‍ ചോളം, തിന, വരഗ്, കുരുമുളക്, കറുവപട്ട എന്നിവയ്ക്കായിരുന്നു ഏറെ പ്രിയം. തൃശൂര്‍ അതിരപ്പള്ളി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളായ തേന്‍, കാപ്പിപ്പൊടി എന്നിവ ആദ്യദിനം തന്നെ വിറ്റഴിഞ്ഞു. നെല്ലിക്കയും കാന്താരിയും ചേര്‍ന്ന അച്ചാര്‍, വാളന്‍പുളി എന്നിവയും നിരവധി ആളുകള്‍ ചോദിച്ചെത്തി.

പട്ടികവര്‍ഗ പദ്ധതിയുടെ ഭാഗമായി ആനിമേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന വില്‍സി, സുമിത എന്നിവരാണ് തൃശൂരില്‍ നിന്നും  ഉത്പന്നങ്ങളുമായി എത്തിയത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വിപണന മേളകളില്‍ പങ്കെടുത്തു പരിചയമുള്ളവരാണ് അട്ടപ്പാടിയില്‍ നിന്നും  ഉത്പന്നങ്ങളുമായി എത്തിയ മുരുഗിയും തങ്കമണിയും.  35 കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഉല്‍പന്നങ്ങളുമായാണ് ഇവര്‍ മേളയ്‌ക്കെത്തിയത്.  ഇടുക്കി ജില്ലയില്‍ നിന്നും എത്തിയ സംരംഭകരായ രാധാമണിയ്ക്കും ഭാസ്‌കരന്‍ കാണിയ്ക്കും  നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ഉല്‍പന്ന വിപണന മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. ഇരുവരും ഇതാദ്യമാണ് ജില്ലയ്ക്കു പുറത്ത് ഒരു മേളയില്‍ പങ്കെടുക്കുന്നത്.

  നവംബര്‍ 20ന് നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി എ. കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മുഖേന ബ്രാന്‍ഡിങ്ങ് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ എല്ലാ ഉല്‍പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വിറ്റുവരവ് ലഭിക്കുന്നുണ്ട്. തുടര്‍ന്നും സമാനമായ രീതിയില്‍ ആദിവാസി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 

 


 

 

Content highlight
ആദിവാസി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള 'ഗോത്രപ്പെരുമ-2019