വയോജന സൗഹൃദ സമൂഹത്തിനായി കുടുംബശ്രീയും കിലയും സംയുക്തമായി ദേശീയ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു

Posted on Monday, November 18, 2019

തിരുവനന്തപുരം: വയോജന സൗഹൃദ സമൂഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍-കിലയും സംയുക്തമായി ദേശീയ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനസംഖ്യാ പരിണാമത്തിന്‍റെ ഫലമായി വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് സുരക്ഷിതവും ആരോഗ്യപരവുമായ വാര്‍ധക്യകാല ജീവിതം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കലാണ് ശില്‍പശാലയുടെ ലക്ഷ്യം. 19,20 തീയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് ശില്‍പശാല സംഘടിപ്പിക്കുക.  

നിലവില്‍ ഈ രംഗത്ത് പാലിയേറ്റീവ് കെയര്‍ അടക്കം നൂതനമായ നിരവധി പ്രവര്‍ത്തനങ്ങള്‍  കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്.  ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെയും കിലയുടെയും നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.  

2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് പല ജില്ലകളിലും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 15 ശതമാനത്തിലേറെയാണ്. ഇതു പ്രകാരം 2026ല്‍ വയോജനങ്ങള്‍ ജനസംഖ്യയുടെ 18.3 ശതമാനം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വയോജനങ്ങളില്‍ തന്നെ 60-70നും ഇടയില്‍ പ്രായമുള്ളവര്‍, 70-80നും ഇടയില്‍ പ്രായമുള്ളവര്‍, 80 വയസ് കടന്നവര്‍, 90-100 വയസ് കടന്ന അതിവൃദ്ധര്‍ എന്നിങ്ങനെ വിവിധ പ്രായത്തില്‍ പെട്ടവരുണ്ട്. കൂടാതെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പട്ടികവര്‍ഗ മേഖലയിലുള്ള വയോജനങ്ങള്‍, അതീവ ദരിദ്രര്‍, അംഗപരിമിതര്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സന്‍ തുടങ്ങിയ വാര്‍ധക്യസഹജമായ വിവിധ രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍, ഒറ്റപ്പെടല്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവ കാരണം വിഷമതകള്‍ നേരിടുന്നവര്‍, വിധവകളായ വൃദ്ധര്‍, വൃദ്ധരായ കിടപ്പുരോഗികള്‍ ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവും വ്യത്യസ്തമായ മാര്‍ഗങ്ങളും സമീപനങ്ങളും രൂപീകരിക്കുകയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.

പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി- സാമൂഹ്യനീതിയുടെ മാനങ്ങള്‍, വാര്‍ധക്യ സഹജ രോഗ പരിചരണവും അതിലെ വെല്ലുവിളികളും തുടങ്ങി മുതിര്‍ന്ന പൗരന്‍മാരും അവരുടെ കുടുംബാംഗങ്ങളും  വീട്ടിലും സമൂഹത്തിലും നേരിടുന്ന ബഹുമുഖ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ എന്നിവ രണ്ടു ദിവസത്തെ ശില്‍പശാലയിലൂടെ ചര്‍ച്ച ചെയ്തു കണ്ടെത്തി അവതരിപ്പിക്കും.

ദേശീയ ശില്‍പശാല 19ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന  വിവിധ സെഷനുകളില്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ശില്‍പശാലയിലൂടെ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ശില്‍പശാലയുടെ സമാപന സമ്മേളത്തില്‍ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറും.

Content highlight
19,20 തീയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് ശില്‍പശാല സംഘടിപ്പിക്കുക.