എറണാകുളത്തും കുടുംബശ്രീ ബസാറിന് തുടക്കം

Posted on Wednesday, March 4, 2020

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിനായുള്ള സൂപ്പര്‍മാര്‍ക്കറ്റായ കുടുംബശ്രീ ബസാറിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ മൂന്നാമത്തെ കുടുംബശ്രീ ബസാറാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ ഐക്കാരനാട് പഞ്ചായത്തിലെ കോലഞ്ചേരിയില്‍ ആരംഭിച്ച ബസാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. 1350 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ 102 സംരംഭകരുടെ 485 ഉത്പന്നങ്ങള്‍ ലഭിക്കും. പ്രതിദിനം 30,000 രൂപ വിറ്റുവരവാണ് ഈ സൂപ്പര്‍മാര്‍ക്കറ്റിലൂടെ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

  വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചു കഴിഞ്ഞു. വയനാട് ജില്ലയില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാടുള്ള സൂപ്പര്‍മാര്‍ക്കറ്റ് 800 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. 85 സംരംഭകരുടെ 256 ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മാസം 2 ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ ബൈപാസ് റോഡരികില്‍ പബ്ലിക് സ്റ്റേഡിയത്തിന് എതിര്‍ വശത്തായി വില്ലേജ് സൂക് മാതൃകയിലാണ് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തിക്കുന്നത്. 2000 ചതുരശ്ര അടി സ്ഥലത്ത് 100 സ്‌ക്വയര്‍ ഫീറ്റ് വീതമുള്ള ഏഴ് ഷോപ്പുകളും ഫുഡ് കോര്‍ട്ടും ഉള്‍പ്പെടുന്നതാണ് ഈ ബസാര്‍. 20 സംരംഭകരുടെ 110 ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. മാസം 4 ലക്ഷം രൂപയാണ് വിറ്റുവരവ്.

    വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്. കുടുംബശ്രീ സംരംഭകരുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴിലില്‍ ലഭ്യമാക്കുന്നതിനായാണ് ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

 

Content highlight
വിപണന മേളകള്‍, നാനോ മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിങ്ങനെയുള്ള വിവിധ വിപണന രീതികളിലൂടെയായിരുന്നു കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നത്.