അവരാരും ഈ ഓണത്തിന് ഒറ്റയ്ക്കായില്ല; കൈയടിക്കാം കോഴിക്കോടിന്!

Posted on Monday, September 4, 2023
ഏവരും ഒത്തുകൂടി ആവേശപൂർവ്വം പൂക്കളമിട്ട്, വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഊഞ്ഞാലാട്ടവും പാട്ടും നൃത്തവുമെല്ലാമായി വൈവിധ്യമാർന്ന ഓണക്കളികളോടെ ജാതി മത ഭേദമില്ലാതെ ആഘോഷിക്കുന്ന ഓണം. എന്നാൽ ഒത്തു കൂടാനും ആഘോഷിക്കുവാനും ആരുമില്ലാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിൽ പല ജീവിത സാഹചര്യങ്ങൾ കൊണ്ട് ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് അവിസ്മരണീയമായ ഒരു ഓണം ഒരുക്കി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ 'ഒറ്റയ്ക്കല്ല ഓണം' പരിപാടിയിലൂടെ.
 
ജില്ലയിലെ ഒറ്റപ്പെട്ടു കഴിയുന്ന 247 കുടുംബങ്ങളിലേക്ക്, 439 കുടുംബാംഗങ്ങളിലേക്ക് കോഴിക്കോട്ടെ കുടുംബശ്രീ പ്രവർത്തകർ ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി ഓണസദ്യയും ഓണസമ്മാനങ്ങളുമായി എത്തി. അവർക്കൊപ്പം പൂക്കളമിട്ടു, പാട്ടുപാടി, ഓണമുണ്ട് ഈ ഓണം ഒരോളമാക്കി മാറ്റി.
 
ആരും ഒറ്റയ്ക്കല്ല, ഒറ്റയ്ക്കാവില്ല ; കുടുംബശ്രീ ഒറ്റയ്ക്കാക്കില്ല, എന്നും കൂടെയുണ്ടാവും എന്ന വാക്കുകളെ അക്ഷരാർത്ഥത്തിൽ അന്വര്ത്ഥമാക്കിക്കൊണ്ട് ഈ കുടുംബങ്ങളെ കുടുംബശ്രീക്കൊപ്പം ചേർത്ത് നിർത്തുകയായിരുന്നു , കോഴിക്കോട്.
Content highlight
ottaykkalla onam by kudumbashree kozhikkod district mission