ബി.പി.സി.എല്ലിനു കീഴിലെ പെട്രോള്‍ പമ്പുകളില്‍ വഴിയോര സേവന കേന്ദ്രങ്ങള്‍ നടത്താന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം

Posted on Thursday, January 24, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ (ബി.പി.സി.എല്‍)കീഴിലുള്ള പെട്രോള്‍ പമ്പുകളില്‍ ആരംഭിക്കുന്ന വഴിയോര സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിന് കുടുംബശ്രീ വനിതകള്‍ക്ക് അവസരമൊരുങ്ങുന്നു. പമ്പുകളിലെത്തുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ വനിതകള്‍ മുഖേന മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പിനുള്ള സൗകര്യമൊരുക്കും. കൂടാതെ  പമ്പുകളോട് ചേര്‍ന്ന് ചായ, കാപ്പി എന്നീ പാനീയങ്ങളും ലഘുഭക്ഷണങ്ങള്‍, മാസിക, പത്രം, മൊബൈല്‍ റീചാര്‍ജിംഗ് എന്നിവയടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്ന ഷോപ്പും നടത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ബി.പി.സി.എല്‍ ടെറിട്ടറി മാനേജര്‍ ഹരികിഷന്‍. വി.ആര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പും അതോടൊപ്പം പെട്രോള്‍ പമ്പുകളിലെത്തുന്ന  യാത്രകള്‍ക്ക് മിതമായ നിരക്കില്‍ പാനീയങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ കുടുംബശ്രീ വനിതകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗം ഒരുക്കുക  എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ആറളംമൂട്, തോന്നയ്ക്കല്‍, ആലപ്പുഴ ജില്ലയില്‍ കായംകുളം എന്നിങ്ങനെ മൂന്നിടങ്ങളിലാണ് ഇപ്പോള്‍ ബി.പി.സി.എല്‍ പമ്പുകളോട് ചേര്‍ന്ന് വഴിയോര സേവന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.  കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഓരോ യൂണിറ്റിലും നാല് സ്ത്രീകള്‍ വീതം ഉണ്ടാകും. നിലവില്‍ 12 പേരെയാണ് ഈ പമ്പുകളില്‍ ശുചിമുറി നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഇവര്‍ക്കു വിദഗ്ധ പരിശീലനം നല്‍കിയ ശേഷമായിരിക്കും പമ്പുകളില്‍ നിയമിക്കുക.

നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ കീഴില്‍ എല്ലാ ജില്ലകളിലുമായി 63 പമ്പുകളില്‍ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ ശുചിമുറി നടത്തിപ്പ് ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ഇതോടൊപ്പം വിവിധ മേഖലകളില്‍ ഹൗസ്കീപ്പിംഗ്, റെയില്‍വേ പാര്‍ക്കിംഗ്, റെയില്‍വേ സ്റ്റേഷനുകളിലെ എ.സി. വെയിറ്റിംഗ് റൂം മാനേജ്മെന്‍റ് എന്നീ മേഖലകളിലും കുടുംബശ്രീ വനിതകള്‍ പുലര്‍ത്തുന്ന മികവു കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ബി.പി.സി.എല്ലിനു കീഴിലെ പെട്രോള്‍ പമ്പുകളില്‍ വഴിയോര സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിന് അവസരം ലഭിച്ചത്. പരിപാടിയില്‍ ബി.പി.സി.എല്‍ സ്റ്റേറ്റ് ഹെഡ് വെങ്കിട്ടരാമന്‍ അയ്യര്‍, ടെറിട്ടറി മാനേജര്‍ മനോജ് കണ്ണാരില്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രേണു ജോര്‍ജി, സജിത്, സൈവീര്‍ റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പും അതോടൊപ്പം പെട്രോള്‍ പമ്പുകളിലെത്തുന്ന യാത്രകള്‍ക്ക് മിതമായ നിരക്കില്‍ പാനീയങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ