'നമ്മത്ത് ഉസ്റ്' അഥവാ നമ്മുടെ ജീവന് എന്ന പേരില് ആദിവാസി ഊരുകള് കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പെയിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്. ജില്ലയിലെ പട്ടികവര്ഗ്ഗ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പ്രദേശങ്ങളിലും എക്സൈസ് വകുപ്പുമായി സംയോജിപ്പിച്ചു കൊണ്ടാണ് ഒക്ടോബര് രണ്ട് വരെ നീണ്ടു നില്ക്കുന്ന ഈ ക്യാമ്പെയിന് സംഘടിപ്പിക്കുന്നത്.
ബോധവത്ക്കരണ ക്ലാസ്സുകള്, സിഗ്‌നേച്ചര് ക്യാമ്പെയിന്, ലഹരി വിരുദ്ധ ഹ്രസ്വചിത്ര പ്രദര്ശനം, റാലികള് തുടങ്ങിയ നിരവധി പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തിട്ടുണ്ട്. ക്യാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ മൂന്നിന് വാളയാര് നടുപ്പതി ഊരില് വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന് കുട്ടി നിര്വഹിച്ചു.
ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് യുവാക്കള്ക്കും സമൂഹത്തിനും ബോധവത്ക്കരണം നല്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന ക്യാമ്പെയിന്റെ ഭാഗമായി ലഹരിക്ക് അടിമയായ വ്യക്തികള്ക്ക് ഡി-അഡിക്ഷന് കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കല്, കുടുംബാംഗങ്ങള്ക്ക് മാനസിക പിന്തുണയും കൗണ്സിലിങ് സേവനങ്ങള് ലഭ്യമാക്കുന്ന പ്രവര്ത്തനങ്ങളും സംഘടിപ്പിക്കും. കുടുംബശ്രീ സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്സിലര്മാരും ചേര്ന്നാണ് ഈ പ്രവര്ത്തനങ്ങള് നടത്തുക.
ഉദ്ഘാടന ചടങ്ങില് മലമ്പുഴ എംഎല്എ എ. പ്രഭാകരന് ചടങ്ങില് അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് മുഖ്യാതിഥിയായി. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസ് സ്വാഗതവും സി.ഡി.എസ് ചെയര്പേഴ്സണ് എം. സുശീല നന്ദിയും പറഞ്ഞു. ഊര് മൂപ്പന്മാരെയും ഉന്നതവിജയം നേടിയ ഊരിലെ വിദ്യാര്ത്ഥികളെയും ചടങ്ങില് ആദരിച്ചു.
- 17 views
Content highlight
Kudumbashree Palakkad District Mission launches 'Namath Usr' to fight against addiction focusing on tribal villages