ഡിജി കേരളം : 'തിരികെ സ്‌കൂളില്‍' എത്തിയ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തകര്‍പ്പന്‍ ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സുകള്‍ നല്‍കി ബാലസഭാ കൂട്ടുകാര്‍

Posted on Tuesday, October 10, 2023

കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് സ്‌കൂളുകളിലെത്തിയ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ബോധവത്ക്കരണം നടത്തി കൈയടി നേടിയിരിക്കുകയാണ് കുടുംബശ്രീ ബാലസഭാംഗങ്ങള്‍. മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം എന്ന് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കല്‍, യൂട്യൂബ് സബ്‌സ്‌ക്രിപ്ഷന്‍ എന്ന് വേണ്ട ഡിജിറ്റല്‍ ലോകത്തില്‍ തങ്ങള്‍ക്ക് അറിയാവുന്ന എല്ലാവിധത്തിലുമുള്ള തന്ത്രങ്ങള്‍ അമ്മമാര്‍ക്ക് പകര്‍ന്ന് നല്‍കുകയയിരുന്നു കുട്ടിക്കൂട്ടം.

 കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ബാലസഭാംഗങ്ങള്‍ എട്ടാം തീയതി വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ക്ലാസ്സുകള്‍ നടത്തുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തിയത്.

  അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയില്‍ സംസ്ഥാനത്ത് 31,612 യൂണിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ബാലസഭാംഗങ്ങള്‍ ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തി.

  സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി ഡിജിറ്റല്‍ വേര്‍തിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിന്‍ ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ അര്‍ഹരായവരില്‍ എത്തിക്കാനും വികസന പദ്ധതികളില്‍ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത നേടാന്‍ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവര്‍ത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിന്‍.

 

Content highlight
Kudumbashree conducts Digital literacy Awareness Campaign among NHG members through Balasabha membersml