മുഴുവന്‍ സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുമായി കൊല്ലം ജില്ലയും

Posted on Friday, August 7, 2026

കുടുംബശ്രീ സി.ഡി.എസുകളിലെല്ലാം ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ച ജില്ലയെന്ന നേട്ടം സ്വന്തമാക്കി കൊല്ലവും. സ്ത്രീപദവി ഉയര്‍ത്തുന്നതിനും വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും പരിശീലനവും നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ സി.ഡി.എസ്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ (ജി.ആര്‍.സി).

കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ കീഴിലുള്ള 74 സി.ഡി.എസുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയെ സമ്പൂര്‍ണ്ണ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ജില്ലയായി ഇന്നലെ സംഘടിപ്പിച്ച ചടങ്ങില്‍ കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ എ.കെ. ഹഫീസ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, വയനാട്, തൃശ്ശൂര്‍ ജില്ലകള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ജില്ലയാണ് കൊല്ലം.

പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ടിയുള്ള പ്രധാന ഇടമായി ജി.ആര്‍.സികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2017-18 സാമ്പത്തിക വര്‍ഷം മുതലാണ് കുടുംബശ്രീ ജി.ആര്‍.സികള്‍ സ്ഥാപിച്ചു തുടങ്ങിയത്. വിവിധ ജില്ലകളിലായി 927 ജി.ആര്‍.സികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ മേയര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍. അരുണ്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് ഐ.എ.എസ്., 'ധീരം' സ്വയംപ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജേഴ്സി വിതരണം നിര്‍വഹിക്കുകയും കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ (ജെന്‍ഡര്‍)മാരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയും ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ്. ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന നന്ദി രേഖപ്പെടുത്തി.

Content highlight
Kollam kudumbashree distrit mission established GRCs in all CDS