തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം അട്ടപ്പാടിയിലും

Posted on Saturday, August 10, 2024
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം 'നാമ് ഏകില ’ എന്ന പേരിൽ ആചരിച്ചു. കുടുംബശ്രീയുടെ അഗളി, ഷോളയൂർ, പുതൂർ, പുതൂർ കുറുമ്പ പഞ്ചായത്ത് സമിതികൾ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

   അഗളി ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം സബ് കളക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ഡോക്ടർ മിഥുൻ പ്രേം രാജ് ഐ.എ.എസ് മുഖ്യാതിഥിയായി. പ്രായം കൂടിയ മൂപ്പന്മാർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ ശ്രീമതി സരസ്വതി മുത്തുകുമാർ സ്വാഗതവും, പുതൂർ പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തി നന്ദിയും പറഞ്ഞു. 

   സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്‌കിൻ്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിലെ ഗർഭിണികളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന  തായ്മനം പദ്ധതി ഡോ. മിഥുൻ പ്രേം രാജ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. 

   കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന എഫ്.എൻ.എച്ച്. ഡബ്ല്യൂ പ്രോഗ്രാമിന്റെ ഭാഗമായി ന്യൂട്രൂഷ്യൻ ഫെസ്റ്റ്, ചീര ഫെസ്റ്റ് എന്നിവയും ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. അട്ടപ്പാടിയിൽ ലഭ്യമായിട്ടുള്ള 25 ഇനം ചീരകളും, ചെറുധാന്യം, പയർ വർഗ്ഗങ്ങൾ, കിഴങ്ങുകൾ എന്നിവ കൊണ്ട് തയാറാക്കിയ 250ലധികം വിഭവങ്ങൾ പ്രദർശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ
കുടുംബശ്രീ ആനിമേറ്റർമാർ, പഞ്ചായത്ത് സമിതി ഉദ്യോഗസ്ഥർ, അംഗങ്ങൾ, പി.എം.യു ഉദ്യോഗസ്ഥർ, അട്ടപ്പാടി സ്നേഹിതാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപ കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. മനോജ്, സബ് കളക്ടർക്ക് കൈമാറി. കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലേക്കുള്ള പഠന സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ സുരേഷ് കുമാർ നിർവ്വഹിച്ചു.
 
sad

 

Content highlight
The International Day of the World's Indigenous Peoplesatpdy