ബജറ്റ് 2021-22: കുടുംബശ്രീക്ക് കൈ നിറയെ നേട്ടം- പദ്ധതികള്‍ക്ക് 1749 കോടി രൂപ

Posted on Tuesday, January 19, 2021

*ആശ്രയ പദ്ധതിക്കായി 100 കോടി രൂപ അധികം * 250 പുതിയ ബഡ്സ് സ്കൂള്‍
* സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി  * എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് പദ്ധതി  

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2021-22 വാര്‍ഷക ബജറ്റിലും കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലെ ഉപജീവനം, സാമൂഹ്യസുരക്ഷ, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി ആകെ 1749 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

 കുടുംബശ്രീക്ക് 260 കോടി രൂപയാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതം.  125 കോടി രൂപ അധികമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയുടെയും കോവിഡ് കാലത്ത്  നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെയും പലിശ സബ്സിഡിയ്ക്കു വേണ്ടി 300 കോടി രൂപ ലഭ്യമാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ-നഗര ഉപജീവന പദ്ധതികള്‍, സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന-നൈപുണി വികസന പദ്ധതി, പ്രധാനമന്ത്രി നഗര ആവാസ് യോജന എന്നിവയില്‍ നിന്ന് 1064 കോടി രൂപ കൂടി ലഭ്യമാകും. ഇതു കൂടി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ബജറ്റ് തുകയായി ആകെ 1749 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുന്നത്.  

ബജറ്റിലെ മുഖ്യ പ്രഖ്യാപനമായ അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോം വഴി തൊഴില്‍ നല്‍കുന്ന പദ്ധതിയില്‍ കുടുംബശ്രീക്കും നേട്ടമുണ്ട്. താല്‍പര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ നൈപുണ്യപരിശീലനത്തിനായി കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. ഇതിനായി പ്രത്യേകം സബ്മിഷന്‍ കുടുംബശ്രീയില്‍ ആരംഭിക്കും. അഞ്ചു കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  

കുടുംബശ്രീക്ക് അഭിമാനിക്കാന്‍ ഏറെ പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിലുള്ളത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടിയില്‍ ചേരുന്നവര്‍ക്കെല്ലാം ഫെബ്രുവരി, മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ് ലഭ്യമാക്കും. ഇതിനു വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ വഹിക്കും. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഉണ്ടാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഏറെ സഹായകമാകും. ജില്ലാമിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് എക്രോസ് ദി കൗണ്ടര്‍ വായ്പ ലഭ്യമാക്കും. ഇതിന് ഈട് ആവശ്യമില്ല. ആഴ്ച തോറുമുള്ള തിരിച്ചടവായിരിക്കും. പലിശ സബ്സിഡിയും ലഭിക്കും.

ബജറ്റ് കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നു. നിലവില്‍ 150 ലേറെ ഉല്‍പാദന സേവന മേഖലകളിലായി പ്രവര്‍ത്തിച്ചു വരുന്ന 30000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഇവയില്‍ സമാന സ്വഭാവമുള്ള ഉല്‍പന്നങ്ങളുടെ  ക്ളസ്റ്ററുകള്‍ രൂപീകരിക്കും. കുടയ്ക്കുള്ള മാരി ക്ളസ്റ്റര്‍ പോലുള്ള മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്ക് കുടുംബശ്രീ നല്‍കിയ വായ്പയുംഗ്രാന്‍റും ഷെയറാക്കി അവയെ പുന: സംഘടിപ്പിക്കും. കുടുംബശ്രീ വഴി നൈപുണ്യ പരിശീലനം ലഭിച്ചവര്‍ക്ക് സ്വയംതൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതുവഴി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കുടുംബശ്രീ വഴി നടപ്പാക്കി ഏറെ ശ്രദ്ധ നേടിയ എറൈസ് പദ്ധതിയിലൂടെ എല്ലാ ബ്ളോക്കിലും മുനിസിപ്പാലിറ്റിയിലും പ്ളംബര്‍, കാര്‍പ്പെന്‍റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയര്‍ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ സംരംഭ മാതൃകയില്‍ രൂപീകരിക്കും. ഇതോടൊപ്പം കോവിഡ് ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍, കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കും.

കയര്‍മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഇവിടെ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിങ്ങ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാ ഉല്‍പന്നങ്ങളും ലഭിക്കും. ഇതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പ് കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കും. നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍, കൂടാതെ ഹോംഷോപ്പ് എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പു വരുത്തും. ഇതിലൂടെ നിരവധി കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകും.  അടുത്ത മാസം ഉല്‍പാദനം ആരംഭിക്കുന്ന വയനാട് കാപ്പി ബ്രാന്‍ഡിന്‍റെ 500 ഓഫീസ് വെന്‍ഡിങ്ങ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക് 20 കോടി രൂപ അധികം അനുവദിച്ചു.  

കുടുംബശ്രീ മുഖേന കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നു. ഇതിന്‍റെ ഭാഗമായി തരിശുരഹിത കേരളം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീയുടെ കര്‍ഷകസംഘങ്ങളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തും. നിലവില്‍ 70000 കര്‍ഷക സംഘങ്ങളുണ്ട്. ഇതില്‍ മൂന്നു ലക്ഷം  സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നു. അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.  

ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കും. കെ.എസ്.എഫ്.ഇ വഴിയാണ് സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുക. ഗൃഹോപകരണങ്ങളുടെ വില തവണകളായി അടച്ചു തീര്‍ത്താല്‍ മതിയാകും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമില്ല.

അതിക്രമങ്ങളില്‍ നിന്നും വിമുക്തമായ ഒരു കേരളത്തിന്‍റെ സൃഷ്ടിക്കായി 2021-22 ല്‍ ഒരു ബൃഹത് ക്യാമ്പെയ്ന്‍ ആരംഭിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ട് 25 ശതമാനം കുറവ് വരുത്തുകയാണ് ലക്ഷ്യം. ഇതിനായി  കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു. കുടുംബശ്രീ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന് 7കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 45 ലക്ഷം വരുന്ന കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെ മറ്റു വനിതകളെ ഉള്‍പ്പെടുത്തി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.  

ആശ്രയ പദ്ധതിക്ക് 100 കോടി
സാമൂഹ്യസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ ആശ്രയ പദ്ധതിക്കായി 100 കോടി രൂപ കൂടി അനുവദിച്ചു. കുടുംബശ്രീയുടെ ആശ്രയ പദ്ധതിക്കായി സംസ്ഥാന പദ്ധതിയില്‍ 40 കോടി രൂപ വകയിരുത്തിയതിനു പുറമേയാണിത്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് പരമദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ കൃത്യമായ കുടുംബാധിഷ്ഠിത മൈക്രോ പ്ളാന്‍ തയ്യാറാക്കും. ഇതിനായി നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നിര്‍ദേശിക്കുന്ന പുതിയ കുടുംബങ്ങളെയും ക്ളേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല സര്‍വേ നടത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും. നിലവില്‍ ആശ്രയ പദ്ധതിയില്‍ ഒന്നര ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ നിന്നും അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് മൂന്നു മുതല്‍ നാല് ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആലപ്പുഴ ജില്ലയില്‍ ഉള്ളാടര്‍ വിഭാഗത്തിനു വേണ്ടി മൈക്രോ പ്ളാന്‍ തയ്യാരാക്കിയ രീതിയായിരിക്കും അവലംബിക്കുക.

സംസ്ഥാനത്ത് 250 ബഡ്സ് സ്കൂളുകള്‍ കൂടി
സാമൂഹ്യ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റ് പ്രകാരം  2021-22 സാമ്പത്തിക വര്‍ഷം 250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 ബഡ്സ് സ്കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

 

Content highlight
ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുപണികളില്‍ യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കും.