അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-ഏകദിന ശില്പശാല

Posted on Wednesday, July 11, 2018

 

Ayyankaali-Seminar

 

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്പശാല തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിയമ്പിയ ചേമ്പറില്‍ വച്ച് നടന്നു. ശില്പശാല ബഹു.തദ്ദേശ സ്വയംഭരണ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉത്‌ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിതകേരള മിഷന്‍ , പി.എം.എ.വൈ. പദ്ധതികള്‍ എന്നിവ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതികളുടെ സഹായത്തോടെ നടപ്പിലാക്കുവാന്‍ നഗരസഭകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പി.എം.എ.വൈ., ലൈഫ് പദ്ധതികള്‍ ഗുണഭോക്താക്കളായ തൊഴില്‍ കാര്‍ഡ് ഉള്ള എല്ലാ തൊഴിലുറപ്പ് ഗുണഭോക്താക്കള്‍ക്കും സംസഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 90 ദിവസത്തെ തൊഴില്‍ നല്‍കുന്നതിന് നഗരസഭകള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നഗരപ്രദേശങ്ങളില്‍ രണ്ടിലധികം കറവപ്പശുക്കളെ വളര്‍ത്തുന്നവരെ കൂടി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരകാര്യ ഡയറക്ടര്‍ ശ്രീമതി.ആര്‍ .ഗിരിജ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. തൊഴിലുറപ്പ് സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീ.എസ്.രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് ഗ്രാമവികസനവകുപ്പ് ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ശ്രീ.എസ്.ബാലചന്ദ്രന്‍ മറുപടി നല്‍കി. യോഗത്തില്‍ തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, മുനിസിപ്പല്‍ ചേമ്പര്‍ ചെയര്‍മാന്‍ശ്രീ.വി.വി.രമേശ് എന്നിവര്‍ സംസാരിച്ചു. നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ശ്രീ.ബി.കെ.ബാലരാജ് നന്ദി രേഖപ്പെടുത്തി.