യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്റര്‍ പച്ചത്തുരുത്ത് സന്ദര്‍ശിച്ചു

Posted on Thursday, March 17, 2022

നവകേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തില്‍ യു.എന്‍. റസിഡന്റ്‌സ് കോര്‍ഡിനേറ്റര്‍ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ മണലകം വാര്‍ഡിലെ വേങ്ങോട് പച്ചത്തുരുത്താണ് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ്് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പും സംഘവും സന്ദര്‍ശിച്ചത്. മൂന്നുവര്‍ഷമെത്തും മുന്‍പുതന്നെ വേങ്ങോട് പച്ചത്തുരുത്ത് നന്നായി പുഷ്ടി പ്രാപിച്ചിട്ടുണ്ട്. അരമണിക്കൂറോളം പച്ചത്തുരുത്തില്‍ ചെലവഴിച്ച യു.എന്‍. സംഘം ഇവിടെ മൂന്ന് വൃക്ഷ തൈകളും നട്ടു. സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയ യു.എന്‍. സംഘം കേരള വികസന മാതൃകയേയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചാണ് മടങ്ങിയത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍, വൈസ് പ്രസിഡന്റ് ശ്രീമതി അനിത, ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലന്‍നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍കുമാര്‍ എന്നിവരും വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് യു.എന്‍. സംഘത്തെ സ്വീകരിച്ചു. യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്ററുടെ പത്‌നിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉള്ളൂരില്‍ സ്ഥാപിച്ച അജൈവ മാലിന്യ സംഭരണകേന്ദ്രമായ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള എയ്‌റോബിക് ബിന്‍ സംവിധാനങ്ങളും സംഘം സന്ദര്‍ശിച്ചു. മുട്ടത്തറയില്‍ സ്ഥാപിച്ച റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലും സംഘം സന്ദര്‍ശനം നടത്തി. ക്ലീന്‍കേരള കമ്പനിയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനകം 102 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെനിന്നും പുനഃചംക്രമണത്തിനായി കൈമാറിയിട്ടുണ്ട്.

 

image1

image1

image1