മംഗല്ല്യവേദി രജിസ്ട്രേഷൻ വേദിയായി
കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറയിലെ സി പി ആഡിറ്റോറിയമാണ് അപൂർവ്വ നിമിഷത്തിന് വേദിയായത്. കരകുളം ഗ്രാമപഞ്ചായത്തിലെ ശ്രീലകത്ത് മുരളീധരൻനായർ, ശ്രീകല ദമ്പതികളുടെ മകനായ അഖിലും ചിറയിൽ വീട്ടിലെ രാധാകൃഷ്ണൻ നായർ, ഉഷാകുമാരി ദമ്പതികളുടെ മകളായ കൃഷ്ണപ്രീയയുമാണ് 06/01/2025 ന് വട്ടപ്പാറ സിപി ആഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത്. നഗരസഭകളിൽ 2024 ജനുവരി 1 ന് നടപ്പിലാക്കിയ ഇന്ഫര്മേഷന് കേരള മിഷന് വികസിപ്പിച്ച കെ-സ്മാർട്ട് സോഫ്റ്റ്വെയര്, കരകുളം ഗ്രാമപഞ്ചായത്തിൽ 2025 ജനുവരി 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. കെ-സ്മാർട്ടിലെ നൂതന സംവിധാനമായ video e-KYC ഉപയോഗിച്ച് കരകുളം ഗ്രാമപഞ്ചായത്തിൽ നടന്ന ആദ്യ വിവാഹ രജിസ്ട്രേഷനാണ് അഖിലിന്റേയും കൃഷ്ണപ്രീയയുടേതും. കല്ല്യാണ മണ്ഡപത്തിൽ വച്ച് ഓൺലൈനായി വീഡിയോ KYC സഹിതം നൽകിയ അപേക്ഷ കരകുളം ഗ്രാമപഞ്ചായത്തിൽ വച്ച് സെക്രട്ടറി ഓൺലൈനായി അപ്രൂവ് ചെയ്തതോടെ വിവാഹസർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കുകയായിരുന്നു. 3 മിനിട്ടിലാണ് ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചത്. ബഹുമാനപ്പെട്ട ഭക്ഷ്യ-സിവില്സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ കല്ല്യാണ മണ്ഡപത്തിൽ വച്ച് കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലേഖ റാണിയുടെ സാന്നിധ്യത്തിൽ വധൂ വരന്മാർക്കു വിവാഹ സര്ട്ടിഫിക്കറ്റ് കൈമാറി.
- 183 views