ഏറ്റവും കൂടുതൽ കരുതലും സ്നേഹവും പരിചരണവും ഓരോരുത്തരും ആഗ്രഹിക്കുന്ന കാലമാണ് വാർദ്ധക്യകാലം. ഇന്ത്യയിൽ തന്നെ ആനുപാതികമായി വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണ്. അതിനാൽ തന്നെ കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ കൂടുതൽ വയോജന സൗഹൃദമാക്കുക ഉദ്ദേശിച്ച് വയോമൈത്രി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
കണ്ണൂരിൽ താവം, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മേയ് 15ന് നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എ.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വയോജനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ റിലേഷൻഷിപ്പ് കേരള എന്ന പേരിൽ വയോജന അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വയോമൈത്രി പദ്ധതി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വയനാട്, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സി.ഡി.എസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ് ആക്കി മാറ്റും. വയോജന വിദ്യാഭ്യാസം, കുറഞ്ഞത് 50 വയോജന അയൽക്കൂട്ടങ്ങളുടെ രൂപീകരണം, ഉപജീവന പദ്ധതികളുടെ നടത്തിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് വകുപ്പുകളുമായും സംയോജിച്ച് വയോജനക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഈ സി.ഡി.എസുകളിൽ നടത്തും. പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഈ പ്രവർത്തനങ്ങൾ ശേഷിക്കുന്ന സി.ഡി.എസുകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ AGRASAR പ്രോജക്റ്റും ഇതിന്റെ ഭാഗമായി നടത്തും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച ഇൻസ്പെയർ (സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മസേനകൾക്കും മറ്റ് സംരംഭകർക്കം വേണ്ടി), ജീവൻദീപം (ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും സ്റ്റേറ്റ് ഇൻഷ്വറൻസ് ഏജൻസിയുമായി ചേർന്ന് കുടുംബശ്രീ അംഗങ്ങൾക്ക് വേണ്ടി) ഇൻഷ്വറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. കൂടാതെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതിയുടെ ഭാഗമായ യോഗ്യരായ പരിശീലനാർത്ഥികൾക്ക് വേണ്ടിയുള്ള കുടുംബശ്രീ നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
- 550 views
Content highlight
Vayomaithri' Programme launched for Geriatric Care