പ്രളയബാധിതര്‍ക്കായി 36 വീടുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീക്ക് ഹഡ്കോ രണ്ടു കോടി രൂപ നല്‍കും

Posted on Friday, July 12, 2019

തിരുവനന്തപുരം:  പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ 36 കുടുംബങ്ങള്‍ക്ക്    വീടു നിര്‍മിച്ചു നല്‍കാന്‍ ഹഡ്കോ കുടുംബശ്രീയ്ക്ക്  രണ്ടു കോടി രൂപ നല്‍കും. ഹഡ്കോയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണിത്.  പ്രളയത്തില്‍ പൂര്‍ണമായും വീടു നഷ്ടപ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടു നിര്‍മിക്കുന്നതിനായി ധനസഹായം നല്‍കണമെന്നുള്ള കുടുംബശ്രീയുടെ ആവശ്യപ്രകാരമാണ് ഹഡ്കോ ഫണ്ട് അനുവദിച്ചത്.  പദ്ധതി തുകയുടെ ആദ്യ ഗഡുവായി ഹഡ്കോ 33.6 ലക്ഷം രൂപ കുടുംബശ്രീക്ക് കൈമാറി.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നീ നഗരസഭകളിലും  ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക. ഇതു പ്രകാരം രണ്ടു  നഗരസഭയിലും  പഞ്ചായത്തിലും 12 വീടുകള്‍ വീതം ആകെ 36 വീടുകള്‍ നിര്‍മിക്കും. കുടുംബശ്രീയുടെ തന്നെ വനിതാകെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേനയായിരിക്കും ഈ 36 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീനാ ഫീലിപ്പോസ് എന്നിവര്‍ നേരത്തേ ഒപ്പു വച്ചിരുന്നു.   

പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിച്ച സര്‍വേ നടത്തിയതില്‍ നിന്നും സര്‍ക്കാര്‍ തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 36 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഭവന നിര്‍മാണത്തിനായി ഹഡ്കോ സാമ്പത്തിക സഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഭവനം നിര്‍മിക്കാന്‍ 5.6 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ആദ്യ ഗഡു നല്‍കിയതിനു പുറമേ പദ്ധതി നടപ്പാക്കാനാവശ്യമായ ബാക്കി ഫണ്ട് ഹഡ്കോയില്‍ നിന്നും കുടുംബശ്രീക്ക് ലഭ്യമാകുന്ന മുറയ്ക്ക് ഈ തുക പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ ജില്ലാ മിഷനുകളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും. ഈ തുക ഉപയോഗിച്ച്  ഗുണനിലവാരമുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങി വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളെ കൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഭവനനിര്‍മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മേല്‍നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുമുള്ള ചുമതല കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കായിരിക്കും. ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി 36 വീടുകളും ഗുണഭോക്താക്കള്‍ക്ക്  കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  ആറ് മാസത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.  

ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ 36 വീടുകളുടെ നിര്‍മാണം കൂടി ഏറ്റെടുത്തു ചെയ്യുന്നതോടെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് നിര്‍മാണ മേഖലയില്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പരിശീലനം നേടിയ 279 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ വിവിധ പദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രളയബാധിതര്‍ക്കായി രാമോജി ഫിലിം സിറ്റി നല്‍കുന്ന 116 ഭവനങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നത് കുടുംബശ്രീ വനിതാ യൂണിറ്റുകളാണ്. വീടൊന്നിന് ആറു ലക്ഷം വീതം ആകെ ഏഴു കോടി രൂപയാണ് രാമോജി ഫിലിം സിറ്റി  കുടുംബശ്രീക്കു നല്‍കുന്നത്. ഇതില്‍ 85 ഭവനങ്ങളുടെ  നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബാക്കി 31 ഭവനങ്ങളുടെ നിര്‍മാണവും നടന്നു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ എടയ്ക്കാട്ട്വയലില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നാല്‍പതു വീടുകള്‍ പണിതത് കുടുംബശ്രീ വനിതകളാണ്. ഇപ്പോള്‍ കൊല്ലം ജില്ലയിലെ അലക്കുകുഴി കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി ഭവനം നിര്‍മിച്ചു നല്‍കുന്നതും കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ വീടുകളുടെ താക്കോല്‍ദാനം ചിങ്ങം ഒന്നിന് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കെട്ടിട നിര്‍മാണ രംഗത്തെ ഈ മികവ് മുന്‍നിര്‍ത്തിയാണ് ഹഡ്കോയുടെ സാമ്പത്തിക സഹായം ഉപയോഗിച്ചു കൊണ്ട് നിര്‍മിക്കുന്ന 36 ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള അവസരവും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചത്.

 

Content highlight
വീടുകള്‍ പണിതു നല്‍കുന്നത് കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍