അനന്തപുരിക്ക് പുതിയ രുചിക്കൂട്ടുകൾ പകരാൻ കുടുംബശ്രീ "സുലഭം' കഫേ കം റെസ്റ്റൊറന്റ് പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുളള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവന മാർഗത്തിനുളള അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സമാന മാതൃകയിൽ സംസ്ഥാനമെമ്പാടും പദ്ധതി നടപ്പാക്കുന്നതിനും ഉദ്ദേശ്യമുണ്ട്. കുടുംബശ്രീ അർബൻ ഇനിഷേ്യറ്റീവ് എന്ന നിലയ്ക്കാണ് പദ്ധതി നടത്തിപ്പ്. കിഴക്കേക്കോട്ട കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിന് സമീപം ആരംഭിച്ച "സുലഭം' റെസ്റ്റൊറന്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
ഒരേ സമയം അമ്പത് പേർക്ക് വരെ സൗകര്യപ്രദമായി ഭക്ഷണം കഴിക്കാൻ കഴിയും വിധത്തിലാണ് റെസ്റ്റോറന്റിന്റെ സജ്ജീകരണം. വെജിറ്റേറിയൻ ഊണിന് അമ്പത് രൂപയാണ് നിരക്ക്. സ്പെഷൽ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് പ്രതേ്യകം പണം നൽകി വാങ്ങാനാകും. കൂടാതെ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവയും ഉണ്ടാകും. പാഴ്സൽ സൗകര്യവുമുണ്ട്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 13 അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് "സുലഭം'കഫേയുടെ പ്രവർത്തനം. സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള ചുമതല കുടുംബശ്രീയുടെ ഐഫ്രം മാനേജ്മെന്റ് ഗ്രൂപ്പിനാണ്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കെ.എസ്.ആർ.ടി.സി എം.ഡി പി.എസ് പ്രമോജ് ശങ്കർ, കാനറാ ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ എസ്, വാർഡ് കൗൺസിലർ എസ്.കെ.പി രമേശ്, സി.ഡി.എസ് അധ്യക്ഷ ബിന്ദു മേനോൻ എൽ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ മേഘ മേരി കോശി, ജില്ലാ മിഷൻ കോർഡിനേറ്റർ ജി.രമേഷ് എന്നിവർ പങ്കെടുത്തു.
- 28 views



